സാമൂഹ്യനീതി വകുപ്പിന്റെ നയരൂപീകരണം ഉടൻ: മന്ത്രി അബ്ദുൾ ഗഫൂർ
സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഭിന്നശേഷി, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ സേവനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നയരൂപീകരണം ഉടനുണ്ടാകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ. നയരൂപീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയറിൽ നടന്ന 'ദർശനം 2026' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ മുന്തിയ പരിഗണന നൽകുന്ന ഈ വിഭാഗങ്ങൾക്കുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാകുന്നെന്ന് ഉറപ്പുവരുത്താനും അർഹരായ ഗുണഭോക്താക്കളിൽ ഇത് പൂർണതോതിൽ എത്തിക്കുന്നതിനും സംവിധാനമൊരുക്കും.

ഭിന്നശേഷി, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ സേവനം മേഖലകളിൽ നിലവിലുള്ള എല്ലാ പദ്ധതികളും കാലോചിതമായി പരിഷ്കരിക്കുന്നതിനൊപ്പം പുതിയ പദ്ധതികൾക്കും രൂപം നൽകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വകുപ്പുതലത്തിൽ നടക്കുന്നതായും മന്ത്രി അറിയിച്ചു. ശില്പശാലയിൽ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പാനൽ ചർച്ചകളും ഓപ്പൺ ഫോറവും നടന്നു. ഭിന്നശേഷിക്കാരുടെ അവകാശ നിയമങ്ങളും അസിസ്റ്റീവ് സാങ്കേതികവിദ്യകളും, ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ അവകാശാധിഷ്ഠിത ഭരണനിർവഹണവും സുസ്ഥിര ഉപജീവന മാർഗങ്ങളും, കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കുള്ള നിയമ-സാമൂഹിക പിന്തുണയും പ്രൊബേഷൻ സേവനങ്ങളുടെ ആധുനികവൽക്കരണവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചർച്ച നടന്നു. ജയിൽ ഡി.ജി.പി എസ്. ശ്രീജിത്ത്, പ്ലാനിംഗ് ബോർഡ് മെമ്പർ ജി. വിജയരാഘവൻ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, സംസ്ഥാന ഭിന്നശേഷി കമീഷണർ പി.ടി ബാബുരാജ്, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്. ജലജ, മുൻ പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ എന്നിവർ പങ്കെടുത്തു.