പട്ടയവിതരണം സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലെ സുപ്രധാന ഘടകം :മന്ത്രി എ.പി. അനിൽ കുമാർ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പട്ടയവിതരണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. തൃശ്ശൂർ കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടന്ന തൃശ്ശൂർ ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പട്ടയവിതരണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. തൃശ്ശൂർ കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടന്ന തൃശ്ശൂർ ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറുദിനങ്ങൾ കൊണ്ട് 5,000 പട്ടയങ്ങൾ വിതരണം ചെയ്യാനായിരുന്നു പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നതെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലക്കാട് നടക്കാനിരിക്കുന്ന സംസ്ഥാനതല പട്ടയമേളയോടെ 10,000-ത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 25,000 ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനായിരുന്നു വകുപ്പിന്റെ തീരുമാനം. എന്നാൽ, ഇതിനകം തന്നെ 30,000-ത്തിലധികം എണ്ണത്തിൽ നടപടി പൂർത്തിയായിട്ടുണ്ട്. ഇത് 50,000 ആയി ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തൃശൂർ ജില്ലയിൽ മാത്രം 6,000 ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പാക്കനായതായും മന്ത്രി പറഞ്ഞു.
സ്വന്തമായി ഭൂമിയില്ലാത്തവർക്കും വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ആവശ്യമായ രേഖകളില്ലാത്തവർക്കും ഭൂമിയും ഭൂമിക്ക് അവകാശ രേഖയും ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വനഭൂമി, തീരദേശം, മലയോര മേഖലകൾ എന്നിവ ഉൾപ്പെടുന്നതിനാൽ കേരളത്തിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാണ്. പിന്നോക്ക വിഭാഗങ്ങൾക്കും അർഹരായവർക്കും ഭൂമി ലഭ്യമാക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ ഭൂമി അനുവദിക്കുന്നതിനാണ് വരുംവർഷങ്ങളിൽ സർക്കാർ മുൻഗണന നൽകുന്നത്. പട്ടയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമില്ലാത്തതിനാൽ അപേക്ഷ നൽകാൻ സാധിക്കാത്ത ആദിവാസി വിഭാഗങ്ങളെ ട്രൈബൽ കോ-ഓർഡിനേറ്റർമാർ വഴി അപേക്ഷ സമർപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്തമാണ്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഒരു ആവശ്യത്തിനായി ജനങ്ങൾ പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. ഒറ്റത്തവണ കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ ദിവസം നിശ്ചയിച്ച് മറുപടി നൽകാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം പ്രശംസനീയമാണ്. ഉദ്യോഗസ്ഥർ ഇടനിലക്കാരെ വെച്ചുകൊണ്ട് പ്രവർത്തിക്കുന്നതിനോ മറ്റ് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നതിനോ എതിരെ കർശ്ശന നടപടി സ്വീകരിക്കും. റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിജിലൻസ് ടീമുകളുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനൊപ്പം വില്ലേജ്, താലൂക്ക് ഓഫീസുകളിൽ കൃത്യമായ പരിശോധനകൾ തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പട്ടയമേള ഉദ്ഘാടനം ചെയ്ത ശേഷം വേദിയിൽവെച്ച് വിവിധ വിഭാഗത്തിലുള്ള 15 പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ 1175 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ 1021 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും, 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉൾപ്പെടുന്നു.
പരിപാടിയിൽ രാജൻ ജെ. പല്ലൻ എംഎൽ എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. രാജൻ, എ.സി മൊയ്തീൻ, കെ.കെ രാമചന്ദ്രൻ, കെ.കെ. വൽസരാജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, സേവ്യർ ചിറ്റിലപ്പിള്ളി, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും സബ് കളക്ടർ എഹ്‌തെദ മുഫസ്സിർ നന്ദിയും പറഞ്ഞു.