വേനലിൽ പാൽ കേടാകാതിരിക്കാൻ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിർദേശവുമായി മിൽമ

വേനൽ കടുക്കുന്ന സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുൻകരുതൽ നിർദേശങ്ങൾ മിൽമ പുറത്തിറക്കി.കടുത്ത വേനലിൽ ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കാത്ത കവർ പാലും തൈരും പിരിഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ ഉപയോഗം വരെ, 4-5

 

തിരുവനന്തപുരം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുൻകരുതൽ നിർദേശങ്ങൾ മിൽമ പുറത്തിറക്കി.കടുത്ത വേനലിൽ ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കാത്ത കവർ പാലും തൈരും പിരിഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ ഉപയോഗം വരെ, 4-5 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. അന്തരീക്ഷ ഊഷ്മാവിൽ അലക്ഷ്യമായി വെളിയിൽ വച്ചിരിക്കുന്ന കവർ പാൽ വാങ്ങിയാൽ പെട്ടെന്ന് കേടാകും. അതിനാൽ ശരിയായ രീതിയിൽ ശീതികരിച്ച് സൂക്ഷിക്കുന്ന പാൽ ചോദിച്ചു വാങ്ങണം. ഇക്കാര്യം മിൽമ ബൂത്ത് ഏജൻറുമാരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം.

പാലോ തൈരോ വാങ്ങിക്കഴിഞ്ഞാൽ വീട്ടിൽ എത്തി എത്രയും പെട്ടെന്ന് ശീതികരിച്ചു സൂക്ഷിക്കണം. യാത്രയിലും മറ്റും  പ്ലാസ്റ്റിക് കവർ, ബാഗ് എന്നിവയ്ക്കുള്ളിൽ വായുസഞ്ചാരമില്ലാത്ത അവസ്ഥയിൽ പാൽ കവറുകൾ അധികനേരം സൂക്ഷിക്കരുത്. ശീതീകരിച്ചു സൂക്ഷിക്കുന്ന പാൽ ഉപയോഗത്തിനായി എടുക്കുമ്പോൾ ആവശ്യം കഴിഞ്ഞുള്ളത് ഉടൻതന്നെ ശീതികരണിയിൽ തിരികെ വയ്ക്കാൻ ശ്രദ്ധിക്കണം. അന്തരീക്ഷ ഊഷ്മാവിൽ അധികസമയം ഇരുന്ന പാൽ പിന്നീട് ശീതികരിക്കുന്നതു കൊണ്ട് കേടാകാതിരിക്കണമെന്നില്ല.

പാൽ കവർ റഫ്രിജറേറ്ററിലെ ചിൽ ബോക്സിൽ സൂക്ഷിക്കണം. ഫ്രീസറിൽ സൂക്ഷിക്കുന്നത് അഭികാമ്യമല്ല. പാൽ കൈകാര്യം ചെയ്യുമ്പോൾ ശുചിത്വം പാലിക്കണം. സ്വാഭാവികമായ ഭൗതികഘടന, മണം, രുചി എന്നിവയിൽ വ്യത്യാസം തോന്നിയാൽ പാൽ ഉപയോഗിക്കരുത്. ശീതികരിച്ചു സൂക്ഷിക്കൽ നിർബന്ധമില്ലാത്ത മിൽമ യുഎച്ച്ടി ലോങ് ലൈഫ് പാൽ ഉപയോഗം  ഈ അവസരത്തിൽ അഭികാമ്യമാണ്.