പിരിച്ചുവിട്ട മിൽമ മലബാർ യൂനിയൻ ഭരണ സമിതി പുനഃസ്ഥാപിക്കണം : ഹൈകോടതി
പിരിച്ചുവിട്ട മിൽമ മലബാർ യൂനിയൻ ഭരണ സമിതി പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. ച
കൊച്ചി: പിരിച്ചുവിട്ട മിൽമ മലബാർ യൂനിയൻ ഭരണ സമിതി പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. ചട്ടങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടലെന്ന് കോടതി വിലയിരുത്തി. അന്വേഷണ സംഘത്തിന് തെളിവുകളും രേഖകളും പിടിച്ചെടുക്കാൻ 10 ദിവസം കൂടി സമയം അനുവദിച്ച കോടതി, നവംബർ 24നകം ഭരണസമിതിയെ പുനഃസ്ഥാപിക്കാനും നിർദേശം നൽകി. പിരിച്ചുവിടൽ നടപടിക്കെതിരെ ചെയർമാൻ കെ.എസ്. മണിയടക്കമുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സാമ്പത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചകളും ആരോപിച്ചാണ് സമിതിയെ സർക്കാർ പിരിച്ചുവിട്ടത്. രേഖകളിൽ കൃത്രിമം നടത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാലാണ് നടപടികൾ പാലിക്കാത്തതെന്നായിരുന്നു സർക്കാർ വിശദീകരണം. ഇത് കോടതി അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി, നിയമപരമായ നടപടി പാലിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.