മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ ഹൈക്കോടതി നിർദേശം; പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് വ്യക്തത
വിവാദമായ മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ വിജിലൻസിന് നിർദേശം നൽകി. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഈ നിർണായക ഇടക്കാല ഉത്തരവ്.
കൊച്ചി: വിവാദമായ മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ വിജിലൻസിന് നിർദേശം നൽകി. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഈ നിർണായക ഇടക്കാല ഉത്തരവ്.
പ്രതികൾ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന സർക്കാരിന്റെ നിലപാടാണ് കോടതി ഉത്തരവിൽ പൂർണ്ണമായും അംഗീകരിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ അടക്കമുള്ള പ്രമുഖരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമായിരുന്നു കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയിരുന്നത്.
കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ചേർത്തല സ്വദേശിയായ എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.