ബാവലി ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ചു യുവാക്കൾ അറസ്റ്റിൽ

 

മാനന്തവാടി: വയനാട്-കർണാടക അതിർത്തിയിലെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ചുപേർ അറസ്റ്റിലായി. ബംഗളൂരു ഭാഗത്തുനിന്ന് വന്ന കെ.എൽ 12 എൽ 9740 നമ്പർ കാറിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.

സംഭവത്തിൽ, വയനാട് ചുണ്ടേൽ കാപ്പുംകുന്ന് കടലിക്കാട്ട് ഫൈസൽ റാസി (32), പരിയാരം പുതുക്കണ്ടി മുഹമ്മദ് അസനുൽ ഷാദുലി (23), പുത്തൂർവയൽ, അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (23, എറണാകുളം കോതമംഗലം വെട്ടിലപ്പാറ പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ (22), നിലമ്പൂർ മണിമൂലി വാരിക്കുന്ന് ഡെൽബിൻ ഷാജി ജോസഫ് (21) എന്നിവരാണ് അറസ്റ്റിലായത്.

നിലമ്പൂർ, കോതമംഗലം സ്വദേശികളായ യുവാക്കൾ ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥികളാണ്. മയക്കുമരുന്ന് കൽപറ്റ, വൈത്തിരി മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കാണ് ഇവർ കൊണ്ടുവന്നതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീമിൽ പ്രിവന്റിവ് ഓഫിസർമാരായ കെ. ജോണി, പി.ആർ. ജിനോഷ്, ഇ. അനൂപ്, എ.ടി.കെ. രാമചന്ദ്രൻ, കെ.കെ. അജയകുമാർ എന്നിവരും സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ജി. പ്രിൻസ്, ഉണ്ണികൃഷ്ണൻ, കെ.എസ്. സനൂപ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി. ഷിംജിത്ത് എന്നിവരുമുണ്ടായിരുന്നു. ഈ മാസം വയനാട് ജില്ലയിൽനിന്ന് എക്സൈസ് പിടികൂടുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് കേസാണിത്. 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെയും വാഹനവും ഇന്ന് കോടതിയിൽ ഹാജരാക്കും.