മെസിയുടെ കേരളം സന്ദർശന വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക, ഭരണ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക, ഭരണ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.
കായിക വകുപ്പ് തയ്യാറാക്കി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വിഷയത്തിൽ ഉന്നതതല അന്വേഷണം അനിവാര്യമാണെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത്. മെസിയെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഘട്ടം മുതലുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഉത്തരവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. നടന്ന മുഴുവൻ പണമിടപാടുകളും സാമ്പത്തിക ഉറവിടങ്ങളും പരിശോധിക്കും.
സർക്കാർ തലത്തിലും കായിക വകുപ്പിലും നടന്നിട്ടുള്ള വീഴ്ചകളും ക്രമക്കേടുകളും ഫയൽ നീക്കങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഫയൽ ഔദ്യോഗികമായി ആഭ്യന്തര വകുപ്പിന് കൈമാറിയ സാഹചര്യത്തിൽ, അന്വേഷണ സംഘത്തിന്റെ ഘടന, ചുമതലപ്പെടുത്തേണ്ട ഉദ്യോഗസ്ഥർ, അന്വേഷണ പരിധി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര വകുപ്പ് ഉടൻ കൈക്കൊള്ളും. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.