മെസി വിവാദത്തിൽ റിപ്പോർട്ടർ കമ്പനിക്ക് കുരുക്ക് മുറുകുന്നു ; 56.32 കോടി അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ്, കള്ളക്കളികളെല്ലാം മുൻമന്ത്രിയുടെ അറിവോടെയെന്ന് മൊഴി
മെസി വിവാദത്തിൽ റിപ്പോർട്ടർ കമ്പനിക്ക് കുരുക്ക് മുറുകുന്നു.ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ ജിഎസ്ടി തട്ടിപ്പ് കേസിൽ നികുതിയും പലിശയും പിഴയും ഉൾപ്പെടെ 56.32 കോടി രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.
മെസിതട്ടിപ്പിലെ കള്ളക്കളികളെല്ലാം മുൻകായികമന്ത്രി വി. അബ്ദുറഹിമാൻറെ അറിവോടെയാണ് നടന്നിട്ടുള്ളതെന്ന് സ്റ്റാഫംഗങ്ങൾ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്നും വകുപ്പിലെ കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചെന്നുമാണ് സ്റ്റാഫംഗങ്ങൾ മൊഴി നൽകിയിട്ടുള്ളത്.
തിരുവനന്തപുരം : മെസി വിവാദത്തിൽ റിപ്പോർട്ടർ കമ്പനിക്ക് കുരുക്ക് മുറുകുന്നു.ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ ജിഎസ്ടി തട്ടിപ്പ് കേസിൽ നികുതിയും പലിശയും പിഴയും ഉൾപ്പെടെ 56.32 കോടി രൂപ അടയ്ക്കണമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നികുതി ഇനത്തിൽ 25.78 കോടി രൂപയും, പലിശയായി 4.76 കോടി രൂപയും, നികുതി വെട്ടിപ്പിന് 100 ശതമാനം പിഴയായി 25.78 കോടി രൂപയുമാണ് ഈടാക്കുന്നത്. ബാധ്യത വ്യക്തമാക്കിക്കൊണ്ട് ആർബിസിക്ക് ഉടൻ നോട്ടീസ് നൽകാനാണ് ജിഎസ്ടി വകുപ്പിൻറെ നീക്കം. സെപ്റ്റംബർ 21 വരെയുള്ള കണക്കിൻറെ അടിസ്ഥാനത്തിലാണ്പലിശയും പിഴയും നിർണയിച്ചിരിക്കുന്നത്. മെസിയുടെ പേരിലെ സാമ്പത്തിക ഇടപാടുകളിൽ നികുതി വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നികുതി വിവരങ്ങൾ മറച്ചുവെച്ചതിന് പിഴ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ ശിപാർശ ചെയ്തിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് പിന്നാലെയാണ് റിപ്പോർട്ടർ കമ്പനിക്കെതിരെ ജിഎസ്ടി വകുപ്പ് നടപടിയിലേക്ക് കടക്കുന്നത്. മെസിതട്ടിപ്പിലെ കള്ളക്കളികളെല്ലാം മുൻകായികമന്ത്രി വി. അബ്ദുറഹിമാൻറെ അറിവോടെയാണ് നടന്നിട്ടുള്ളതെന്ന് സ്റ്റാഫംഗങ്ങൾ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്നും വകുപ്പിലെ കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചെന്നുമാണ് സ്റ്റാഫംഗങ്ങൾ മൊഴി നൽകിയിട്ടുള്ളത്.
മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജി.ആർ. രമേശാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്. ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചു. എയ്ഡഡ് കോളജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇതും മന്ത്രി പരിഗണിച്ചില്ലെന്നാണ് രമേശിൻറെ മൊഴി. മന്ത്രിയുടെ സുഹൃത്തെന്ന നിലയിൽ ഒരു വ്യക്തിക്ക് ഔദ്യോഗിക ഇ-മെയിലുകൾ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു. വകുപ്പിലെ വിവിധ കാര്യങ്ങളിൽ മന്ത്രിയുടെ താൽപര്യപ്രകാരമാണ് തീരുമാനങ്ങളെടുത്തിരുന്നതെന്നും രമേശ് എസ്ഐടിയോട് വ്യക്തമാക്കി.
മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലും അബ്ദുറഹിമാനെതിരെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. സ്പോൺസറെ നിയോഗിക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നാണ് സത്യപാലിൻറെ മൊഴി. ടെൻഡറില്ലാതെ സ്പോൺസറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചെന്നും സത്യപാലൻ മൊഴി നൽകി. സ്പോൺസറുമായി ബന്ധപ്പെട്ട ആൻറോയുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇതും മന്ത്രി അവഗണിച്ചെന്നാണ് ആരോപണം. എസ്ഐടിയുടെ ചോദ്യം ചെയ്യലിലാണ് ഇരുവരും മൊഴി നൽകിയത്.