മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് രാജ്ഭവൻ അനുമതി നൽകിയിരിക്കുന്നത്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലത്താണ് സർക്കാരും മുഖ്യമന്ത്രിയും പ്രോസിക്യൂഷൻ അനുമതി തേടി രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, അദ്ദേഹം സ്ഥാനമൊഴിയുന്നത് വരെ ഫയലിൽ തീരുമാനമെടുത്തിരുന്നില്ല.

 

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് രാജ്ഭവൻ അനുമതി നൽകിയിരിക്കുന്നത്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലത്താണ് സർക്കാരും മുഖ്യമന്ത്രിയും പ്രോസിക്യൂഷൻ അനുമതി തേടി രാജ്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, അദ്ദേഹം സ്ഥാനമൊഴിയുന്നത് വരെ ഫയലിൽ തീരുമാനമെടുത്തിരുന്നില്ല.

തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിഷയം വിശദമായി പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും, കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ അനുമതി തേടിയത്. ഗവർണറുടെ അനുമതി ലഭിച്ചതോടെ മുൻ മന്ത്രിയെ കേസിൽ പ്രതിചേർക്കാനും ചോദ്യം ചെയ്യൽ, അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സാധിക്കും. വി. അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു. ഷറഫലി, സി. സത്യപാലൻ എന്നിവരുൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കാനാണ് എസ്.ഐ.ടി റിപ്പോർട്ടിൽ അനുമതി തേടിയിരുന്നത്.

മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചു, ബന്ധപ്പെട്ട വകുപ്പുകളെ ഇരുട്ടിൽ നിർത്തി, ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തു തുടങ്ങി ഗുരുതരമായ വീഴ്ചകളാണ് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനൊപ്പം ജി.എസ്.ടി തട്ടിപ്പും കോടികളുടെ സാമ്പത്തിക ക്രമക്കേടും നടന്നതായും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്.