മെസ്സി കേസ്: മുന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് തുടരന്വേഷണത്തിന്റെ ചുമതല

 

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാകും അന്വേഷണം മുന്നോട്ട് പോകുക.

ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീനന്‍ ടീമിനെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്ത് തുടരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാകും അന്വേഷണം മുന്നോട്ട് പോകുക.


എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് തുടരന്വേഷണത്തിന്റെ ചുമതല. മുന്‍ മന്ത്രിയായിരുന്ന വ്യക്തിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് ഗവര്‍ണര്‍ നേരത്തെ തന്നെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ തുടര്‍നടപടികളിലേക്ക് കടക്കും. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വി. അബ്ദുറഹ്‌മാനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന