'ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും'; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

 

വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് വിവരങ്ങള്‍ സന്ദേശമായി എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് വിവരങ്ങള്‍ സന്ദേശമായി എത്തും.

തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടര്‍ന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും. അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറവും വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയില്‍ 800-900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു.