സ്കൂൾ അധികൃതരുടെ മാനസിക പീഡനം ; ശാസ്താംകോട്ടയിൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ 

ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്.

 

 ശാസ്താംകോട്ട: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ശൂരനാട് വടക്ക് ആനയടി നിരഞ്ജ നിവാസിൽ സന്തോഷിന്‍റെയും രാജിയുടെയും മകൻ നിരഞ്ജൻ (17) ആണ് മരിച്ചത്. സംഭവത്തിന് കാരണം സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം അരങ്ങേറി.

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് എസ്.പി.സി കോഓഡിനേറ്ററായ അധ്യാപികയും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നും, തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫിസിൽ വിളിച്ചുവരുത്തി അപമാനിച്ചതുമാണ് മരണത്തിന് കാരണമായതെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഈ സംഭവങ്ങൾ കുട്ടിയിൽ കടുത്ത മനോവിഷമമുണ്ടാക്കിയിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. അധ്യാപികക്കും പ്രിൻസിപ്പലിനുമെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റർക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശൂരനാട് പൊലീസിൽ പരാതി നൽകി.

23ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി അമ്മ പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നതായും വീട്ടുകാർ പറയുന്നു. വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം നേരത്തെ വീട്ടിലെത്തിയ നിരഞ്ജൻ അസ്വസ്ഥനായിരുന്നു. സഹോദരിക്കൊപ്പം പഠിച്ചശേഷം ഉറങ്ങാൻ മുറിയിലേക്ക് പോയ കുട്ടിയെ ആണ് മണിക്കൂറുകൾക്ക് ശേഷം മരിച്ചനിലയിൽ കണ്ടെത്തിയത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയ ശേഷം സ്‌കൂളിലെത്തിക്കുകയും വിദ്യാർഥികളും ​ബന്ധുക്കളും ഉൾപ്പെടെ പ്രതിഷേധമുയർത്തുകയും ചെയ്തു. കുറ്റക്കാരായ അധ്യാപകർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അധികൃതരും ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പിന്നീട് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച മണ്ഡലത്തിലെ സ്കൂളുകളിൽ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു.