മീനങ്ങാടി സ്‌കൂള്‍ വിനോദ യാത്ര വിവാദം; വിദ്യാര്‍ത്ഥികള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പോക്‌സോ കേസ്

കുട്ടികള്‍ക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ് ഇട്ടവരും കുടുങ്ങും.

 

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് പോക്‌സോ കേസ് എടുത്ത് സൈബര്‍ പൊലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുട്ടികള്‍ക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ് ഇട്ടവരും കുടുങ്ങും.

അധിക്ഷേപ പരാമര്‍ശം നടത്തിയ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയര്‍സക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ്‌റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാര്‍ റസ്റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങള്‍ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്ത് വിട്ടത്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസിന് പരാതി നല്‍കിയത്. പ്രിന്‍സിപ്പല്‍ മദ്യപിച്ചു എന്ന് തെളിയിക്കാനല്ല, കുട്ടികളുടെ ആരോപണം ശരിയായിരുന്നു എന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ എന്നായിരുന്നു വിശദീകരണം.