ആഭ്യന്തര ഫാർമ സ്ഥാപനങ്ങൾ നിർമിച്ച മരുന്നുകൾക്ക് ഗുണനിലവാരമില്ല; ലൈസൻസ് സസ്പെൻഡ് ചെയ്യും 

കേന്ദ്ര-സംസ്ഥാന ഡ്രഗ് റഗുലേറ്ററർമാർ കഴിഞ്ഞ സെപ്റ്റംബറിൽ സാമ്പിളെടുത്ത് പരിശോധിച്ച മരുന്നുകളിൽ 330 എണ്ണത്തിന് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ
 

 മലപ്പുറം: കേന്ദ്ര-സംസ്ഥാന ഡ്രഗ് റഗുലേറ്ററർമാർ കഴിഞ്ഞ സെപ്റ്റംബറിൽ സാമ്പിളെടുത്ത് പരിശോധിച്ച മരുന്നുകളിൽ 330 എണ്ണത്തിന് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.സി.എസ്.സി.ഒ) പ്രഖ്യാപിച്ചു. ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ്, മാൻകൈൻഡ് ഫാർമ, സൺ ഫാർമ ലബോറട്ടറീസ്, ജെ.ബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, മക്ലിയോഡ്സ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ആഭ്യന്തര ഫാർമ സ്ഥാപനങ്ങൾ നിർമിച്ച മരുന്നുകളും ബഹുരാഷ്ട്ര മരുന്ന് ഭീമൻമാരായ എലി ലില്ലി, ബാക്‌സ്റ്റർ എന്നിവ നിർമിച്ചതായി ലേബൽ ചെയ്‌ത ഒന്നിലധികം മരുന്നുകളും പരിശോധനയിൽ പരാജയപ്പെട്ടവയിലുണ്ട്.

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാമ്പിളുകളിൽ 500 മില്ലിഗ്രാം ലെവെറ്റിറാസെറ്റം ഗുളികകളുടെ മൂന്ന് സാമ്പിൾ, 100 മില്ലിഗ്രാം ഗാബപെന്റിൻ ഗുളികകളുടെ ഓരോ സാമ്പിൾ, ടാംസുലോസിൻ ഹൈഡ്രോക്ലോറൈഡ് (മോഡിഫൈഡ് റിലീസ്) ടാബ്‌ലെറ്റുകൾ, ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ് നിർമിച്ചതായി ലേബൽ ചെയ്ത ടാംസുലോസിൻ ഹൈഡ്രോക്ലോറൈഡ് (മോഡിഫൈഡ് റിലീസ്), ഡ്യൂട്ടാസ്റ്ററൈഡ് ഗുളികകളുടെ സംയോജനം എന്നിവയുണ്ട്. സൺ ഫാർമ ലബോറട്ടറീസ് ലിമിറ്റഡിൽ നിന്നുള്ള ഉർസോഡിയോക്സികോളിക് ആസിഡ് ഗുളികകൾ, ക്ലോപ്പിഡോഗ്രൽ, ആസ്പിരിൻ കാപ്സ്യൂളുകളുടെ സാമ്പിളുകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടവയിലുണ്ട്.

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകളുടെ നിർമാണ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകി. ലൈസൻസിങ് അതോറിറ്റിയുടെ തുടർ പരിശോധന പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു.