ലൈംഗികശേഷി ഉൾപ്പെടെ മെഡിക്കൽ പരിശോധന ; തിരിച്ചു വരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും അന്വേഷണ സംഘത്തോട് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ലൈംഗികശേഷി ഉള്‍പ്പെടെ പരിശോധിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി രാഹുലിന്റെ രക്തസാമ്പിളും ശേഖരിച്ചു.
താന്‍ തിരിച്ചുവരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തോടു പറഞ്ഞു.രാവിലെ പാലക്കാട്ടു നിന്നു പത്തനംതിട്ടയിലെത്തിച്ചപ്പോള് അഭിഭാഷകനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെയാണ് എംഎല്‍എ താന്‍ പുറത്തുവരുമന്ന് ഭീഷണി മുഴക്കിയത്. ഫോണിന്റെ ലോക്ക് അഴിക്കാനും വിസമ്മതിച്ചു.
അറസ്റ്റ് നിയമപരമല്ലെന്ന പക്ഷമാണ് രാഹുലിന്റെ അഭിഭാഷകര്ക്കുമുള്ളത്. നിലവില്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ള ഒരാളെ അറസ്റ്റ് ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ആശുപത്രി പരിസരത്തെ പ്രതിഷേധക്കാരെ ഒഴിവാക്കി പോലീസ് ജീപ്പ് പിന്നിലേക്ക് എടുത്ത് ആശുപത്രി വാതിലിനോടു ചേര്‍ത്തുനിര്‍ത്തി.ജീപ്പിന്റെ പുറകിലെ വാതിലിലൂടെയാണ് രാഹുലിനെ കയറ്റിയത്. പോലീസും പ്രതിഷേധക്കാരും പ്രധാനവാതിലിന് മുന്നില്‍ കൂട്ടംകൂടിയതോടെ സ്ട്രെക്ചറിലും വീല്‍ച്ചെയറിലും എത്തിയ മറ്റു രോഗികള്‍ ആശുപത്രിക്ക് ഉള്ളിലേക്കും പുറത്തേക്കും കടക്കാന്‍ പ്രയാസപ്പെട്ടു. ഒപിയില്‍ എത്തിയവര്‍ പോലീസ് വലയത്തിനുള്ളിലൂടെ പണിപ്പെട്ടാണ് ആശുപത്രിയിലേക്ക് കടന്നത്.
രാഹുലുമായി അതിവേഗം പുറപ്പെട്ട ജീപ്പിനുപിന്നാലെ പ്രവര്‍ത്തകര്‍ കുറേ ഓടി. വെട്ടിപ്രത്ത് മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ഉന്തിലും തള്ളിലും പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂഹ്മാന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ. രാഹുലുമായി പത്തനംതിട്ടയിലേക്ക് എസ്ഐടി വരുന്ന വിവരം പുലര്‍ച്ചെ മാത്രമാണ് ലോക്കല്‍ പോലീസ് അറിഞ്ഞത്.