വാഴക്കുലയിൽ എം.ഡി.എം.എ കടത്ത്: സംസ്ഥാന പുരസ്കാര ജേതാവായ യുവകർഷകന് നൈജീരിയൻ ലഹരിസംഘങ്ങളുമായി ബന്ധം; നിർണായക വിവരങ്ങൾ പുറത്ത്
വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ സംസ്ഥാന സർക്കാരിൻ്റെ മുൻ മികച്ച യുവകർഷകന് നൈജീരിയൻ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് പൊലീസ്. കേസിൽ കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ച് പിടിയിലായ ഹരിപ്പാട് പായിപ്പാട് സ്വദേശി 'ഡാനി' എന്ന് വിളിക്കുന്ന ധനേഷ് എസ്. നായർ (31) ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് വെളിപ്പെടുത്തിയത്.
കൊച്ചി: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ സംസ്ഥാന സർക്കാരിൻ്റെ മുൻ മികച്ച യുവകർഷകന് നൈജീരിയൻ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് പൊലീസ്. കേസിൽ കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ച് പിടിയിലായ ഹരിപ്പാട് പായിപ്പാട് സ്വദേശി 'ഡാനി' എന്ന് വിളിക്കുന്ന ധനേഷ് എസ്. നായർ (31) ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ നൈജീരിയൻ വംശജരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചു വരികയായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് സംഘം വിവരങ്ങൾ കൈമാറിയിരുന്നത്. മൈസൂരുവിൽ വാഴക്കൃഷിയുള്ള ധനേഷ്, ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് ശേഖരിച്ച് വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ചാണ് 2023 മുതൽ കടത്തിയിരുന്നത്. കേരളത്തിലെത്തിക്കുന്ന ലഹരി സ്വന്തം വീട്ടിലെ പക്ഷിക്കൂട്ടിലെ പാത്രത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പൊലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചിരുന്നു.
ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത് അടുത്തിടെ എം.ഡി.എം.എയുമായി പിടിയിലായ ഹരികൃഷ്ണൻ, ഷിനു എന്നീ കാരിയർമാർ വഴിയാണ്. ജർമനിയിൽ നിന്ന് അഗ്രി ബിസിനസ് പഠനം പൂർത്തിയാക്കി 2018-ൽ തിരിച്ചെത്തിയ ധനേഷിന് 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയ ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു. ധനേഷിന്റെ ലഹരിക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.