മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ: ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

മയിൽപ്പീലി യംഗ് സ്കോളർ പരീക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച ജില്ലാതല പരീക്ഷ നടത്താൻ മാത്രമാണ് കോടതി താൽക്കാലിക അനുമതി നൽകിയതെന്നും, പരീക്ഷാഫലം പ്രസിദ്ധീകരിക്കാനോ തുടർന്ന് സംസ്ഥാനതല പരീക്ഷ നടത്താനോ അനുമതിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

തിരുവനന്തപുരം: മയിൽപ്പീലി യംഗ് സ്കോളർ പരീക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച ജില്ലാതല പരീക്ഷ നടത്താൻ മാത്രമാണ് കോടതി താൽക്കാലിക അനുമതി നൽകിയതെന്നും, പരീക്ഷാഫലം പ്രസിദ്ധീകരിക്കാനോ തുടർന്ന് സംസ്ഥാനതല പരീക്ഷ നടത്താനോ അനുമതിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്കൂളുകളിൽ ഇത്തരം പരീക്ഷകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമായ നയം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ പൊതുനയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരിപാടികൾക്ക് മാത്രമേ അനുമതി നൽകാവൂ. വർഗീയ, ഫാസിസ്റ്റ് അജണ്ടകൾ വിദ്യാഭ്യാസ വകുപ്പിലൂടെ കടത്തിവിടാൻ അനുവദിക്കില്ലെന്നും യുഡിഎഫ് ഇത്തരം അജണ്ടകൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. മയിൽപ്പീലി ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണെന്നും കുട്ടികൾക്കായി പരീക്ഷകൾ നടത്തുമ്പോൾ രാജ്യത്തിന്റെ പൊതുനയങ്ങൾ കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഞായറാഴ്ച നടക്കേണ്ട ജില്ലാതല പരീക്ഷയ്ക്ക് താൽക്കാലിക അനുമതി നൽകിയത്. എന്നാൽ ഫലം പ്രസിദ്ധീകരിക്കരുതെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയിൽപ്പീലി' മാസികയും ദേശീയ അധ്യാപക പരിഷത്തും (എൻ.ടി.യു) സംയുക്തമായാണ് 'യംഗ് സ്കോളർ എക്സാം 2026' സംഘടിപ്പിക്കുന്നത്. ഒക്ടോബർ 12-ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും, മന്ത്രിയുടെ അറിവില്ലാതെയാണ് ഉത്തരവിറങ്ങിയതെന്ന വിവരം പുറത്തുവന്നതോടെ വിവാദമായി. തുടർന്ന് നവംബർ 14-ന് മന്ത്രി ഇടപെട്ട് അനുമതി റദ്ദാക്കുകയും ഉദ്യോഗസ്ഥതലത്തിലുണ്ടായ പിഴവിൽ റിപ്പോർട്ട് തേടുകയും ചെയ്തു. അനുമതി പിൻവലിക്കുന്നതിന് മുമ്പ് നോട്ടീസോ വിശദീകരണമോ തേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.ടി.യു ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം പരീക്ഷയ്ക്ക് അനുമതി നൽകിയതല്ലേയെന്ന് ചോദിച്ച കോടതി, നിശ്ചയിച്ച തീയതിയിൽ പരീക്ഷ നടത്താൻ അനുവദിക്കുകയായിരുന്നു.