വൻതാരയിലെത്തിയ കുട്ടിയാന മായയുടെ ആരോഗ്യനിലയിൽ പുരോഗതി; പിൻകാലിലും ഒടിവ് കണ്ടെത്തി, തീവ്രപരിചരണം തുടരുന്നു

കേരളത്തിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര സംരക്ഷണ കേന്ദ്രത്തിലെത്തിച്ച കുട്ടിയാന മായയുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ പുരോഗതിയെന്ന് റിപ്പോർട്ട്. പുതിയ സാഹചര്യങ്ങളുമായി മായ പതുക്കെ പൊരുത്തപ്പെട്ടു വരികയാണെന്നും, എല്ലുകൾക്കുണ്ടായ ഒന്നിലധികം ഒടിവുകൾക്കും 'റിക്കറ്റ്‌സ്' (Rickets) രോഗത്തിനും തീവ്രപരിചരണവും പോഷകാഹാര ചികിത്സയും നൽകിവരികയാണെന്നും അധികൃതർ അറിയിച്ചു.

 

കൊച്ചി: കേരളത്തിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര സംരക്ഷണ കേന്ദ്രത്തിലെത്തിച്ച കുട്ടിയാന മായയുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ പുരോഗതിയെന്ന് റിപ്പോർട്ട്. പുതിയ സാഹചര്യങ്ങളുമായി മായ പതുക്കെ പൊരുത്തപ്പെട്ടു വരികയാണെന്നും, എല്ലുകൾക്കുണ്ടായ ഒന്നിലധികം ഒടിവുകൾക്കും 'റിക്കറ്റ്‌സ്' (Rickets) രോഗത്തിനും തീവ്രപരിചരണവും പോഷകാഹാര ചികിത്സയും നൽകിവരികയാണെന്നും അധികൃതർ അറിയിച്ചു.

നേരത്തെ കണ്ടെത്തിയ റിക്കറ്റ്‌സിനും രണ്ട് മുൻകാലുകളിലെയും ഒടിവുകൾക്കും പുറമെ, ഇടത് പിൻകാലിലെ എല്ലിനും പൊട്ടലുള്ളതായി എക്സ്-റേ പരിശോധനയിൽ കണ്ടെത്തി. ഒടിഞ്ഞ ഭാഗത്തിന് സ്ഥാനചലനം സംഭവിച്ചിട്ടുണ്ടെന്നും ചുറ്റുമുള്ള പേശികളിൽ നീർക്കെട്ടുണ്ടെന്നും ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രക്തപരിശോധനയിൽ ശരീരത്തിലെ നീർക്കെട്ടിനെ സൂചിപ്പിക്കുന്ന ഹെറ്ററോഫിൽ (Heterophil) അളവ് കൂടുതലാണെന്നും, പുതിയ എല്ലുകളുടെ രൂപീകരണത്തെ സൂചിപ്പിക്കുന്ന ഓസ്റ്റിയോകാൽസിൻ (Osteocalcin) അളവ് വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് എല്ലുകൾ കൂടിച്ചേരുന്നതിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വിറ്റാമിൻ ഡി, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് വിദഗ്ധ ഡോക്ടർമാരുടെ സംഘം കൃത്യമായി നിരീക്ഷിച്ചുവരികയാണ്.

2025 ഏപ്രിലിൽ മലയാറ്റൂർ വനം ഡിവിഷനിലെ കാപ്രിക്കോടിന് സമീപം കൂട്ടംതെറ്റി അവശനിലയിൽ കണ്ടെത്തിയ മായയെ, കോടനാട് അഭയാരണ്യത്തിൽ പരിപാലിച്ചുവരികയായിരുന്നു. ഈ വർഷം ജൂലൈയിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതോടെയാണ് ആനക്കുട്ടിയുടെ ആരോഗ്യനില വഷളായതും എഴുന്നേറ്റ് നിൽക്കാൻ കഴിയാതായതും. തുടർന്ന് നവംബർ 6-നാണ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മായയെ ജാംനഗറിലേക്ക് മാറ്റിയത്. നാലു മുതൽ ആറു മാസം വരെ നീണ്ടുനിൽക്കുന്ന വിദഗ്ധ ചികിത്സയ്ക്ക് ശേഷം മായയെ തിരികെ അഭയാരണ്യത്തിലേക്ക് കൊണ്ടുവരുമെന്ന് വൻതാര അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.