മാതാഅമൃതാനന്ദമയി ദേവി വിശ്വസ്നേഹത്തിന്‍റെ മാതൃരൂപം; ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, വിശ്വസേവയുടെ മഹാസംഗമ ഭൂമിയായി അമൃതപുരി, 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അമ്മ, മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിമാനകരവുമെന്ന് ഉപരാഷ്ട്രപതി സിപി  രാധാകൃഷ്ണന്‍ പറഞ്ഞു

 

അമ്മ വിശ്വസ്നേഹത്തിന്‍റെ പ്രതീകം- കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു 

അമൃതപുരി: സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അമ്മ, മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിമാനകരവുമെന്ന് ഉപരാഷ്ട്രപതി സിപി  രാധാകൃഷ്ണന്‍ പറഞ്ഞു. വിശ്വസേവദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. മനുഷ്യന്‍റെ  ഭൗതികമായ ദാരിദ്ര്യം മാറ്റാൻ പണവും ഭക്ഷണവും സഹായങ്ങളും കൊണ്ട് സാധിക്കും. എന്നാൽ ആന്തരിക ദാരിദ്ര്യം മാറ്റണമെങ്കിൽ മനുഷ്യരിൽ സ്നേഹവും ഈശ്വരവിശ്വാസവും മൂല്യങ്ങളും വളരേണ്ടതുണ്ട് എന്നാണ് അമ്മ പറയുന്നത്. സമൂഹത്തിന്‍റെ ഈ രണ്ട് ദാരിദ്ര്യവും മാറ്റാനാണ് അമ്മയുടെ ഒരോ കര്‍മ്മ പദ്ധതികളുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അത് കൊണ്ട് തന്നെ അമ്മ ഒരു മഹാത്ഭുമാണെന്ന് പറയേണ്ടിവരും ഉപരാഷ്ട്രപതി വ്യക്തമാക്കി.  

ചടങ്ങില്‍ നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ  ഇന്ത്യയിലെ  നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക്  കൈമാറി. കൂടാതെ തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായവും ചടങ്ങില്‍ കൈമാറി.  

അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൌജന്യ അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പടെയുള്ള ചികിത്സാ സഹായത്തിന് അര്‍ഹരായവര്‍ക്കുള്ള സാക്ഷ്യപത്രവും മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായവും, പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും  ചടങ്ങില്‍ വിതരണം ചെയ്തു. ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യന്ത്രി വിഡി സതീശന്‍, കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, നേപ്പാല്‍ അംബാസഡര്‍  സുരേന്ദ്ര താപ,  നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, മന്ത്രിമാരായ എം ലിജു, പി സി വിഷ്ണുനാഥ്,  ബിന്ദു കൃഷ്ണ, മോൻസ് ജോസഫ്, എം പിമാരയ എന്‍ കെ പ്രേമചന്ദ്രന്‍, ശശിതരൂര്‍, എം എല്‍ എ സി ആര്‍ മഹേഷ്,   വെള്ളാപ്പള്ളി നടേശന്‍, താരാ നാഥ് അധികാരി, രാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, സ്വാമി സത്സ്വരൂപാനന്ദ, ശാന്തിഗിരി  ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,   മഹാമണ്ഡലേശ്വർ, സ്വാമി ആനന്ദവനം ഭാരതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് അമ്മയുടെ കാര്‍മ്മികത്വത്തില്‍ 25 പേരുടെ സമൂഹവിവാഹവും നടന്നു. ചടങ്ങിന്‍റെ ഭാഗമായി സ്വാമി തുര്യാമൃതാനന്ദപുരി രചിച്ച ശിവം സുന്ദരം എന്ന പുസ്തകമടക്കം മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മവും അമ്മയുടെ 73ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്  പോസ്റ്റല്‍ വകുപ്പ് പുറത്തിയ പ്രത്യേക സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിംഗ് അമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 

രാവിലെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഗുരുപാദുക പൂജയും അമ്മയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. ചടങ്ങുകള്‍ക്ക് ശേഷം മഹോത്സവത്തില്‍ പങ്കെടുക്കാനായി എത്തിയ പതിനായിരങ്ങള്‍ക്ക് അമ്മ ദര്‍ശനം നല്‍കി.

അമ്മയുടെ ഒരു പുഞ്ചിരി നല്‍കുന്നത് വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവുമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി അമൃതപുരി : അമ്മയുടെ ജന്മദിനം ലോകമെമ്പാടുമുള്ള അമ്മയുടെ മക്കള്‍ ഹൃദയത്തിലാണ് കുറിച്ചു വെയ്ക്കുന്നതെന്നും അമ്മയുമായുള്ള വൈകാരിക ബന്ധത്തെയാണ് അത് സൂചിപ്പിക്കുന്നത് എന്നും  മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. വിശ്വസേവാദിനാഘോഷത്തില്‍ സത്സംഗം നടത്തുകയായിരുന്നു സ്വാമിജി.  അമ്മയുടെ ഒരു പുഞ്ചിരി മാത്രം മതി  പലരുടെയും വിഷമങ്ങളും സംശയങ്ങളും അകറ്റാന്‍. അതിന്‍റെ ആഴവും പരപ്പും അത്ര വലുതാണ് എന്നും  സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

അമ്മ വിശ്വസ്നേഹത്തിന്‍റെ പ്രതീകം- കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു 

അമൃതപുരി: ദുഖമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന മാതാ അമൃതാനന്ദമയി ദേവി വിശ്വസ്നേഹത്തിന്‍റെ പ്രതീകമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. അമ്മയുടെ പിറന്നാള്‍ ആഘോഷം ഒരു പാട് പേരുടെ ജീവിതത്തിന് സന്തോഷവും പ്രകാശവും പകരുന്നു. അവിടെ ഒരു പിറന്നാള്‍ ദിനം വിശ്വസേവനദിനമായി മാറുകയാണെന്നും അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്‍റെ നേര്‍ സാക്ഷ്യമാണെന്നും പുതിയ തലമുറ അത് മാതൃകയാക്കണമെന്നും രാം മോഹന്‍ നായിഡു വ്യക്തമാക്കി.

അമ്മ കാരുണ്യത്തിന്‍റെ മഹാസാഗരം- മുഖ്യമന്ത്രി വി ഡി സതീശന്‍
അമൃതപുരി:  വിശ്വസേവാദിനത്തിലൂടെ വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് അമ്മ ബോധ്യപ്പെടുത്തുകയാണ് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കാരുണ്യത്തിന്‍റെ മഹാസാഗരമാണ് അമ്മ. ആ കാരുണ്യം വിശ്വം മുഴുവന്‍ പരക്കുന്ന കാഴ്ചയാണ് ഈ പിറന്നാള്‍ ദിനത്തില്‍ കാണുന്നത്. സദ്ഭരണം കാഴ്ചവെയ്ക്കാന്‍ അമ്മ നല്‍കുന്ന പ്രേരണയും പ്രോത്സാഹനവും മഹത്വരമാണെന്നും മുഖ്യന്ത്രി പറഞ്ഞു.

സമൂഹസേവനം അമ്മയുടെ ജീവിതവ്രതം;  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
അമൃതപുരി : സമൂഹത്തെ ധര്‍മ്മപാതയില്‍ നയിക്കുന്ന മഹാഗുരുവാണ് അമ്മയെന്ന് ഗവര്‍ണര്‍  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. സേവനമാണ് പരമധര്‍മ്മമെന്നാണ് അമ്മ പഠിപ്പിക്കുന്നത് അത് തന്നെയാണ് സനാതനധര്‍മ്മവും പറയുന്നത്.  എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രളയത്തിൽ തകർന്ന നേപ്പാളിനെ പുനർ നിർമ്മിക്കാനായി മാതാ അമൃതാനന്ദമയി മഠം നൽകിയ രണ്ട് കോടി രൂപ വിലമതിക്കാനാകാത്തത് എന്ന് നേപ്പാൾ അംബാസിഡർ സുരേന്ദ്ര ഥാപ്പ. അമ്മയ്ക്ക് ആയുർ ആരോഗ്യ സൗഖ്യങ്ങൾ നേരുന്നുവെന്നും ഈ കരുതൽ നേപ്പാൾ ജനത  മറക്കില്ലെന്നും അദ്ദേഹം  പറഞ്ഞു.