പൊലീസില്‍ വന്‍ അഴിച്ചുപണി; എഡിജിപി പി. വിജയന് ക്രമസമാധാനം, ശ്രീജിത്ത് ജയില്‍ മേധാവി

എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലയില്‍ നിന്ന് മാറ്റി ജയില്‍ എഡിജിപി ആയി നിയമിച്ചു.

 

ഇന്റലിജന്റ്‌സ് വിഭാഗം മേധാവിയായിരുന്നു പി. വിജയന്‍.

സംസ്ഥാന പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം. എഡിജിപി തലം മുതല്‍ എസ്പിമാര്‍ വരെയുള്ള 30 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ നിയമിച്ചു. സൈബര്‍ സെല്ലിന്റെ അധിക ചുമതലയും നല്‍കി. ഇന്റലിജന്റ്‌സ് വിഭാഗം മേധാവിയായിരുന്നു പി. വിജയന്‍. എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലയില്‍ നിന്ന് മാറ്റി ജയില്‍ എഡിജിപി ആയി നിയമിച്ചു. ഐപിഎസ് ലഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്. ഷൗക്കത്തലിക്കായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ചുമതല.

ബല്‍റാം കുമാര്‍ ഉപാധ്യായയെ ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപി ആയി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂര്‍ണ ചുമതല നല്‍കി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനില്‍ നിന്ന് മാറ്റി ഇന്റലിജന്‍സ് എഡിജിപിയാക്കി.

ഹര്‍ഷിത അത്തല്ലൂരിയെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജിയാക്കി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്‌സ്-കേഡര്‍ പൊസ്റ്റിലേക്ക് ഐ.ജി ആയി നിയമിച്ചു. ആര്‍. നിശാന്തിനിയെ ഐ.ജി (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) പദവിയില്‍ നിന്നും മാറ്റി ഇന്റലിജന്റ്‌സ് വിഭാ?ഗം ഐജിയാക്കി നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡി.ഐ.ജി ആക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കാര്‍ത്തിക്കിനെ മാറ്റി തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ആക്കി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സ്ഥാനത്തുനിന്നും നാരായണന്‍ ടിയെ മാറ്റി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ആയി നിയമിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയെ നിയമിച്ചു.