പാണക്കാട് – വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവം ; ഉടമയ്ക്ക് നഗരസഭയുടെ കാരണം കാണിക്കൽ നോട്ടീസ്; ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കിയേക്കും

പാണക്കാട് – വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ നിയമനടപടികളുമായി അധികൃതർ. നിർമ്മാണ അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പണികൾ തുടർന്നുപോന്ന സ്വകാര്യ ഭൂവുടമയ്ക്ക് മലപ്പുറം നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി.

 

 മലപ്പുറം : പാണക്കാട് – വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ നിയമനടപടികളുമായി അധികൃതർ. നിർമ്മാണ അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പണികൾ തുടർന്നുപോന്ന സ്വകാര്യ ഭൂവുടമയ്ക്ക് മലപ്പുറം നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടമയുടെ മറുപടി ലഭിച്ച ശേഷം ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കുന്ന കാര്യത്തിൽ നഗരസഭ അന്തിമ തീരുമാനമെടുക്കും.

പാണക്കാട് വേങ്ങര റോഡരികിൽ ബിൽഡിംഗ് നിർമ്മാണം നടന്നിരുന്ന കുന്നിൻ ചെരുവിൽ നിന്നാണ് വൻതോതിൽ മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചത്. ആളുകൾ വേഗത്തിൽ ചിതറിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് അപകടസാധ്യത നിലനിൽക്കുന്നതിനാൽ സമീപവാസികളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. മഴ മാറിയ ശേഷം സുരക്ഷ ഉറപ്പാക്കി മാത്രമേ ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കൂ. ഗതാഗതം നിലവിൽ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിലാണ് കെട്ടിട നിർമ്മാണത്തിനുള്ള ബിൽഡിംഗ് പെർമിറ്റ് ലഭിച്ചത്.

എന്നാൽ പാറ പൊട്ടിക്കാൻ ജിയോളജി വകുപ്പ് നൽകിയ അനുമതി ജൂൺ 19-നും മണ്ണെടുക്കാൻ നൽകിയ അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഉടമ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവത്തിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് നഗരസഭ വ്യക്തമാക്കി. നേരത്തെയും ഈ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു.