തുറവൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം
ദേശീയ പാതയോരത്ത് തുറവൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ എട്ടിന് തുറവൂർ ഗവ. എൽ.പി സ്കൂളിനു സമീപത്തെ ആക്രിക്കടയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. തീ ആക്രിക്കടയിലേക്ക് പടർന്നു.
അരൂർ : ദേശീയ പാതയോരത്ത് തുറവൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ എട്ടിന് തുറവൂർ ഗവ. എൽ.പി സ്കൂളിനു സമീപത്തെ ആക്രിക്കടയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. തീ ആക്രിക്കടയിലേക്ക് പടർന്നു. പഴയ വീടാണ് ആക്രിക്കടയായി ഉപയോഗിച്ചിരുന്നത്. വീട് പൂർണമായി കത്തിനശിച്ചു.
തീയും പുകയും ഉയർന്നത് പ്രദേശവാസികളിൽ ആശങ്കയുയർത്തി. പരിസരത്ത് കറുത്ത പുക നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. അരൂർ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന വിഭാഗമെത്തി തീകെടുത്താൻ ശ്രമിച്ചു. കുത്തിയതോട് പൊലീസും നാട്ടുകാരും ഒപ്പം ചേർന്നു. രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായി കെടുത്തിയത്. ഒന്നര മണിക്കൂറോളം ചേർത്തല മുതൽ അരൂർ വരെ ദേശീയ പാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി.
അരുർ ഫയർ സ്റ്റേഷൻ ഓഫിസർ പി.എ. ലിൻഷാദ്, ചേർത്തല ഫയർ സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് യൂനിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുത്തിയതോട് പൊലിസ് ഗതാഗതം നിയന്ത്രിച്ചു. കുത്തിയതോട് സ്വദേശി ജിഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. കഴിഞ്ഞദിവസം രണ്ട് ലോഡ് ആക്രിസാധനങ്ങൾ കയറ്റി അയച്ചതിനാൽ അഗ്നിബാധക്ക് ചെറിയ ആശ്വാസമുണ്ട്.