തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനം : മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ 

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അപകടത്തിൽ 13 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
 


തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അപകടത്തിൽ 13 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

പരിക്കേറ്റ 23 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയിൽ ആളുകൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നൽകുന്ന വിവരം. ഇവരിൽ ചിലർ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും കളക്ടർ വ്യക്തമാക്കി.

ദുരന്തവാർത്ത അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര ഇടപെടൽ നടത്തി. പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് നിലവിൽ പ്രവർത്തനങ്ങൾ തുടരുന്നത്. അപകടത്തിൽ മരിച്ചവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരമാവധി വേഗത്തിൽ സഹായമെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്, 8075011853