ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ; മരിച്ചവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി

സവിന്‍ സാജു ചില ഓണ്‍ലൈന്‍ ഗെയ്മിങ്ങിലും ട്രേഡിങ്ങിലും ഇടപെട്ട് പണം നഷ്ടപെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്

 

മരിച്ച സാജുവിന്റെയും സവിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി.

ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച സാജുവിന്റെയും സവിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കും. 

സവിന്‍ സാജു ചില ഓണ്‍ലൈന്‍ ഗെയ്മിങ്ങിലും ട്രേഡിങ്ങിലും ഇടപെട്ട് പണം നഷ്ടപെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്. വിദേശത്തുള്ള സവിന്റെ ഭാര്യയില്‍ നിന്നും അന്വേഷണം സംഘം വിവരങ്ങള്‍ തേടും. സാമ്പത്തിക ബാധ്യതയാണ് മരിക്കാന്‍ കാരണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

 ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൂന്ന് മൃതദേഹവും സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സംസ്‌കാരം. കരിങ്കട വീട്ടില്‍ സാജു ആന്റണിയും (64) ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്.


ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തി. തുടര്‍ന്നാണ് വീടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.