സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ സ്ത്രീയെ വിവാഹം ചെയ്തു, പിന്നീട് ഷോക്കേൽപിച്ച് കൊലപ്പെടുത്തി : 28കാരനായ ഭ‍ർത്താവിന് ജീവപര്യന്തം തടവ്

സ്വത്തിന് വേണ്ടി  52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ ഭർത്താവിന് ജീവപര്യന്തം. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

 

തിരുവനന്തപുരം: സ്വത്തിന് വേണ്ടി  52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ ഭർത്താവിന് ജീവപര്യന്തം. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അതിയന്നൂർ അരുൺ നിവാസിൽ അരുൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

2020ലാണ് കേസിനാസ്പദമായ സംഭവം. ഡിസംബർ മാസം 26 ന് പുലർച്ചെ 1.30 നായിരുന്നു പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. പുലർച്ചെ ഒന്നരയോടെ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറൻറ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു.

ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി. വിവാഹം വേണ്ട എന്നുള്ള തീരുമാനത്തിൽ ജീവിച്ചിരുന്ന ശാഖ കുമാരി ചെറുപ്പക്കാരനായ അരുണിനെ കണ്ട് മുട്ടിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ കാര്യങ്ങൾ വിവാഹത്തിലേക്ക് നീങ്ങുകയുമായിരുന്നു. ശാഖയുടെ സ്വത്ത് സ്വന്തമാക്കാൻ വേണ്ടിയാണ് യുവാവ് കൊലപാതകം നടത്തിയത് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.