രേഖകള്‍ ഹാജരാക്കാത്ത ബോട്ട് സര്‍വീസുകള്‍ക്ക് പൂട്ടിട്ട് മരട് നഗരസഭ

രേഖകള്‍ ഹാജരാക്കാത്ത ബോട്ട് സര്‍വീസുകള്‍ക്ക് പൂട്ടിട്ട് മരട് നഗരസഭ

നഗരസഭയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് വിഭാഗം ബോട്ടുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
 

രേഖകള്‍ ഹാജരാക്കാത്ത ബോട്ട് സര്‍വീസുകള്‍ക്ക് പൂട്ടിട്ട് മരട് നഗരസഭ. നഗരസഭയുടെ ദുരന്തനിവാരണ അധികാര നിയമം ഉപയോഗിച്ചാണ് നടപടി. കഴിഞ്ഞദിവസം നഗരസഭയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് വിഭാഗം ബോട്ടുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

നെട്ടൂര്‍ ഭാഗത്ത് നാലിടത്തായിരുന്നു പരിശോധന. പരിശോധനയില്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്ത ബോട്ട് ഉടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം നല്‍കിയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമാണ് രേഖകള്‍ ഹാജരാക്കിയത്.
ബോട്ടു പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടറെ അറിയിക്കാനാണ് നഗരസഭയുടെ നീക്കം. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഒരു പരിധിവരെ പല അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍ പറഞ്ഞു. മറൈന്‍ ഡ്രൈവിലും ബോട്ടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.