യുഎപി എ കേസുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നല്‍കി

2026 മാര്‍ച്ചില്‍ രൂപേഷ് ജാമ്യം നേടി പുറത്തുവന്നിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് രൂപേഷ് പുറത്തുവരുന്നത്

 

ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച യുഎപിഎ കേസുകള്‍ വീണ്ടും അന്വേഷിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

യുഎപി എ കേസുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കി. നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച യുഎപിഎ കേസുകള്‍ വീണ്ടും അന്വേഷിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

2026 മാര്‍ച്ചില്‍ രൂപേഷ് ജാമ്യം നേടി പുറത്തുവന്നിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് രൂപേഷ് പുറത്തുവരുന്നത്. 2015ല്‍ കോയമ്പത്തൂരില്‍ നിന്നാണ് രൂപേഷിനെയും ഭാര്യ ഉള്‍പ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്യുന്നത്. നാല്പത്തിരണ്ട് കേസുകളാണ് കേരളത്തിലും തമിഴ് നാട്ടിലുമായി നാല്പത്തിരണ്ടു കേസുകളാണ് രൂപേഷിനുമേല്‍ ചുമത്തപ്പെട്ടത്. അവയില്‍ ചിലതെല്ലാം യുഎപിഎ കേസുകളാണ്. നിലവില്‍ പതിനാറ് കേസുകളാണ് വിചാരണയിലുള്ളത്. രണ്ട് കേസുകളില്‍ ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു, കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസില്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.

രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്.