ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം ; വീഡിയോ ചിത്രീകരിച്ച യുവതിയ്‌ക്കെതിരെ ബന്ധുക്കള്‍

 

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

 

വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചതെന്നും ഇതിനെത്തുടര്‍ന്ന് ദീപക് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.


ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ ബന്ധുക്കള്‍. തിരക്കുള്ള ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചതെന്നും ഇതിനെത്തുടര്‍ന്ന് ദീപക് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.


പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ ഏഴു മണിയോടെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍.

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം ഇന്നലെ രാത്രിയിലും പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് ദീപക്. യുവതി വീഡിയോ എയര്‍ ചെയ്തതോടെ പോയത് ഒരു ജീവനാണ്. അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരുട് മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് കണ്ടറിയണം എന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവായ ദീപക്, ഔദ്യോഗിക ആവശ്യത്തിനായി പയ്യന്നൂരില്‍ പോയപ്പോഴാണ് സംഭവം. അതേസമയം മോശമായ രീതില്‍ സ്പര്‍ശിച്ചു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതി. ഇക്കാര്യം അന്നുതന്നെ വടകര പൊലീസിനെ അറിയിച്ചതാണെന്നും യുവതി പറഞ്ഞു. അതേസമയം അത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ല എന്നാണ് വടകര പൊലീസ് പറയുന്നത്.