കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മരിച്ചെന്ന് കരുതി റോഡില്‍ തള്ളി ; യുവാവ് അറസ്റ്റില്‍
കോതമംഗലം സ്വദേശി നിതിനെയാണ് (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഇയാളുടെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.
വിവാഹബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കോതമംഗലം സ്വദേശി നിതിനെയാണ് (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഇയാളുടെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.
പട്ടിമറ്റം സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാവുകയും ഇത് ക്രൂരമായ മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു.
മര്‍ദനത്തിനൊടുവില്‍ ബോധരഹിതയായ യുവതി മരിച്ചെന്നു കരുതിയ പ്രതി ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള വിജനമായ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. പുലര്‍ച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്ഷനിലെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലായത്.