'സിഎം വിത്ത് മീ'യില്‍ വിളിച്ച് അശ്ലീലം പറഞ്ഞയാള്‍ പിടിയില്‍

ചെങ്ങന്നൂര്‍ വെണ്‍മണി മാറുന്നൂര്‍ വീട്ടില്‍ അര്‍ജുന്‍ ജി കുമാര്‍ എന്ന 34കാരനാണ് വെള്ളിയാഴ്ച മ്യൂസിയം പൊലീസിന്റെ പിടിയിലായത്.

 

വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് 'സി എം വിത്ത് മീ' പരിപാടി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ 'സി എം വിത്ത് മീ'യില്‍ വിളിച്ച് അശ്ലീലം പറഞ്ഞ ആലപ്പുഴ സ്വദേശി പിടിയില്‍. ചെങ്ങന്നൂര്‍ വെണ്‍മണി മാറുന്നൂര്‍ വീട്ടില്‍ അര്‍ജുന്‍ ജി കുമാര്‍ എന്ന 34കാരനാണ് വെള്ളിയാഴ്ച മ്യൂസിയം പൊലീസിന്റെ പിടിയിലായത്.

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച ഇയാള്‍ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് 'സി എം വിത്ത് മീ' പരിപാടി.

അതേസമയം ഇതിന് മുന്‍പും ഇതേ പരിപാടിയിലേക്ക് വിളിച്ച് ഇയാള്‍ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വെണ്‍മണി, തിരുവല്ല പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ച് വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറഞ്ഞതില്‍ ഇയാള്‍ക്കെതിരെ നേരത്തെയും കേസുണ്ട്. പൊതുജന പരാതി പരിഹാരത്തിനായി നല്‍കിയ ടോള്‍ ഫ്രീ നമ്പറില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാണ് ഇയാള്‍ അശ്ലീലം പറഞ്ഞത്.