കല്‍പ്പറ്റയില്‍ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍

 


വീട്ടില്‍ അതിക്രമിച്ച് കയറി പിറകില്‍ നിന്നും മുളക് പൊടി വിതറിയ ശേഷം പരാതിക്കാരിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയത്

 

പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.

വയനാട്ടിലെ കല്‍പ്പറ്റയില്‍ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍. നടവയല്‍ ചീങ്ങോട് പുഞ്ചയില്‍ വീട്ടില്‍ പി.കെ ജിനേഷ്(37)നെയാണ് ബത്തേരി സബ് ഡിവിഷന്‍ ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തീയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം. നടവയല്‍ അയനിമൂലയില്‍ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് പ്രതി ഇവരുടെ കഴുത്തില്‍ കിടന്ന 2 പവന്‍ തൂക്കമുള്ള മാലയുടെ പകുതിയോളം പൊട്ടിച്ചു കടന്നു കളഞ്ഞത്.


വീട്ടില്‍ അതിക്രമിച്ച് കയറി പിറകില്‍ നിന്നും മുളക് പൊടി വിതറിയ ശേഷം പരാതിക്കാരിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ പരാതിക്കാരിയുടെ മുഖത്തിനും കഴുത്തിലും നിസ്സാര പരിക്കേറ്റു. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.