വീടില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞപ്പോള്‍ അഭയം നല്‍കിയ ആളെ മര്‍ദ്ദിച്ചു കൊന്നതിന് യുവാവ് അറസ്റ്റില്‍

ഈ മാസം 17-നാണ് ശ്രീകണ്ഠന്‍ നായരെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയെന്ന് രൂപക് അയല്‍വാസികളോട് പറയുന്നത്.

 

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ക്രൂരമായ മര്‍ദ്ദനമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (55) കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35) അറസ്റ്റിലായി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ക്രൂരമായ മര്‍ദ്ദനമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


ഈ മാസം 17-നാണ് ശ്രീകണ്ഠന്‍ നായരെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയെന്ന് രൂപക് അയല്‍വാസികളോട് പറയുന്നത്. തുടര്‍ന്ന് ആംബുലന്‍സിനായി ഫോണ്‍ ചെയ്ത ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരമന പോലീസ് എത്തുമ്പോഴേക്കും ശ്രീകണ്ഠന്‍ നായര്‍ മരണപ്പെട്ടിരുന്നു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും, സംഭവത്തിന് ശേഷം കാണാതായ രൂപക്കിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായതോടെ കേസ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കകം കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ വെച്ച് പ്രതി രൂപക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന രൂപക്കിനെ മദ്യപിക്കുന്നതിനിടയിലാണ് ശ്രീകണ്ഠന്‍ നായര്‍ പരിചയപ്പെടുന്നത്. വീടില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി രൂപക്കിനെ ശ്രീകണ്ഠന്‍ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. സംഭവദിവസം മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.