ചിയേഴ്സിന്റെ കണക്ക്: പുതുവത്സര തലേന്ന് മലയാളി കുടിച്ചത് 125 കോടിയുടെ മദ്യം

പുതുവത്സരാഘോഷത്തില്‍ മലയാളി മദ്യത്തിനായി  ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്

 

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മലയാളി മദ്യത്തിനായി  ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണയില്‍ നിന്ന് 16.93 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ രേഖപ്പെടുത്തിയത്.

2024 ഡിസംബര്‍ 31ന് 108.71 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. പുതുവത്സരത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കടവന്ത്ര ഔട്‌ലെറ്റില്‍ നിന്നാണ്. 1.17 കോടി രൂപയുടെ മദ്യമാണ് കടവന്ത്ര ഔട്‌ലെറ്റില്‍ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് പാലാരിവട്ടവും മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ്. 4.61 ലക്ഷം രൂപയുടെ കച്ചവടം തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റില്‍ നടന്നത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യ വില്‍പ്പന നടന്നത് കഞ്ഞിക്കുഴി ഔട്‌ലെറ്റിലാണ്.

വിദേശമദ്യവും ബിയറും വൈനും എല്ലാം കൂടി 2.07 ലക്ഷം കെയ്‌സാണ് പുതുവത്സര തലേന്ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു വിറ്റത്. ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,765.09 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.