അബൂദബിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ മരിച്ചു
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ അബൂദബിയിൽ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. അല്‍ റീം ഐലൻഡിലെ താമസ കെട്ടിടത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.20നായിരുന്നു അപകടം.
അബൂദബി : മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ അബൂദബിയിൽ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. അല്‍ റീം ഐലൻഡിലെ താമസ കെട്ടിടത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.20നായിരുന്നു അപകടം.
പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് (40) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ് സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇയാൾ ഐ.സി.യുവിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് മലയാളികളായ തൊഴിലാളികൾ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ആരംഭിച്ചത്. ഇതിനിടെ ആദ്യം ടാങ്കിൽ ഇറങ്ങിയ ആളെ കാണാതാവുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ ആളും ടാങ്കിൽ ഇറങ്ങിയെങ്കിലും ഇദ്ദേഹത്തെയും കാണാതാവുകയും തുടർന്ന് ഇവരെ അന്വേഷിച്ച് മൂന്നാമനും ഇറങ്ങുകയായിരുന്നു. എന്നാൽ മൂവരും വിഷവാതകം ശ്വസിച്ച് ടാങ്കിൽ കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. കോന്നി മണപ്പാട്ടിൽ വടക്കേത്തിൽ രാമചന്ദ്രക്കുറുപ്പിന്‍റെയും ശ്യാമളയമ്മയുടെയും മകനാണ് അജിത്ത്. അശ്വതിയാണ് ഭാര്യ. മൂന്നര വയസ്സുള്ള മകനുണ്ട്. അബൂദബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.