പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു ; എട്ട് പേർ പിടിയിൽ
പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതാലയിലാണ് സംഭവം. യുവാവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കള്ളനെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതാലയിലാണ് സംഭവം. യുവാവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കള്ളനെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
കുൽതാലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു യുവാവ്. ജൂൺ ഒമ്പതിന് രാവിലെ അടുത്തുള്ള മാർക്കറ്റിലേക്ക് പോയപ്പോൾ വഴിതിരിഞ്ഞ് മറ്റൊരു പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു. സംശയാലുക്കളായി നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും ഭാഷ അറിയാത്തതിനാൽ മറുപടി നൽകാനും സാധിച്ചില്ലെന്നാണ് പറയപ്പെടുന്നത്.
പിന്നീട്, തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ അക്രമിസംഘം കള്ളനെന്ന് ആരോപിച്ചു. തുടർന്ന് കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ യുവാവിനെ കുൽതാലി പൊലീസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാളോടൊപ്പമെത്തിയ സഹപ്രവർത്തകരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.