നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ
അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം.
വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്
റിയാദ്: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം.
വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
അന്വേഷണം പൂർത്തിയായാൽ തുടർനടപടികൾ സ്വീകരിക്കും. നിരപരാധിയെങ്കിൽ വെറുതെ വിടും. നാട്ടിൽ ഉപയോഗിക്കുന്ന പല മരുന്നുകളും സൗദിയിൽ നിരോധിക്കപ്പെട്ടവയാണ്. ഇതറിയാതെ നാട്ടിൽ നിന്ന് പലരും മരുന്നുകളുമായി എത്താറുണ്ട്. ഇത് കണ്ടെത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധിക്കു ശേഷം ഈ മാസം 10ന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് തിരിഞ്ഞത്.
ജിദ്ദയിൽ ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഉടൻ, രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു.
വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എന്നാൽ ഇതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്.