ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ; മതം മാറാന്‍ നിര്‍ബന്ധിച്ചതും ക്രൂരമായി ആക്രമിച്ചതും അടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കും
മറ്റൊരു രാജ്യത്ത് വെച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യം നടന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയില്‍ വിചാരണ നടത്താന്‍ വ്യവസ്ഥയുണ്ട്.
തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ റീപോസ്റ്റ്‌മോര്‍ട്ടത്തിലും സ്ഥിരീകരിക്കപ്പെട്ടു
ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയയ്ക്ക് അതിക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നെന്നും ശരീരമാസകലം മര്‍ദ്ദനമേറ്റ ചതവുകള്‍ ഉണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിനിടെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹരിപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി.
തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ റീപോസ്റ്റ്‌മോര്‍ട്ടത്തിലും സ്ഥിരീകരിക്കപ്പെട്ടു. കാലു മുതല്‍ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഉസ്ബക്കിസ്ഥാനില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തില്‍ കേസ് ചുമത്തിയിട്ടുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സഹപാഠി സദറുല്‍ അനാമിനെതിരെയാണ് കേസ്.
മറ്റൊരു രാജ്യത്ത് വെച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യം നടന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയില്‍ വിചാരണ നടത്താന്‍ വ്യവസ്ഥയുണ്ട്. സാവരിയയുടെ കേസില്‍ ഉസ്ബകിസ്താനിലെ വിചാരണ നടപടികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ ഈ വ്യവസ്ഥ ഉപയോഗിക്കുന്നതിനെ കുറിച്ചും പൊലീസ് ആലോചിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൊല്ലപ്പെട്ട സാവരിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി നേരില്‍ കണ്ട ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ന് കൈമാറാന്‍ രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. സദറുല്‍ അനാം സാവരിയയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്നതടക്കം കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.