പോക്സോ കേസിൽ സിപിഎം മുൻ ന​ഗരസഭാം​ഗം അറസ്റ്റിൽ: വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്

പോക്സോ കേസിൽ സിപിഐഎം മുൻ ന​ഗരസഭാം​ഗം കെവി ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്.
 

പോക്സോ കേസിൽ സിപിഐഎം മുൻ ന​ഗരസഭാം​ഗം കെവി ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കെ.വി. ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും ഫ്രറ്റേണിറ്റിയും മലപ്പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

30 വർഷത്തെ സർവീസിൽ ഒട്ടനേകം കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.

മാർച്ചിലാണ് ഇയാൾ സ്കൂളിൽ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു മറുപടി പീഡന പരാതികൾ ഉയരുകയായിരുന്നു. അധ്യാപകനായി ജോലി ചെയ്ത 30 വർഷത്തിൽ ഇയാൾ അറുപതോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് പരാതി. പൂർവവിദ്യാർത്ഥിനികൾ നൽകിയ പരാതിക്ക് പിന്നാലെ മലപ്പുറം വനിതാ സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി.

2019ൽ പീഡനവിവരം മാനേജ്മെൻ്റിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ കുറ്റപ്പെടുത്തി. സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീർ എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.