ദേശീയപാത 66 ൽ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെ 22 നടപ്പാലങ്ങൾ നിർമിക്കും

ദേശീയപാത 66 ൽ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെ 22 നടപ്പാലങ്ങൾ നിർമിക്കും. പദ്ധതിക്ക്‌ ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. മലപ്പുറം ജില്ലയിൽ 14 നടപ്പാലങ്ങളാണ് വരുക.

 

 മലപ്പുറം: ദേശീയപാത 66 ൽ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെ 22 നടപ്പാലങ്ങൾ നിർമിക്കും. പദ്ധതിക്ക്‌ ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. മലപ്പുറം ജില്ലയിൽ 14 നടപ്പാലങ്ങളാണ് വരുക. നേരത്തേ നിർമാണം തുടങ്ങിയ രണ്ടത്താണിയിൽ നടപ്പാലം ഉടൻ തുറക്കും. തൃശ്ശൂരിൽ എട്ടെണ്ണം നിർമിക്കും. രാമനാട്ടുകര-കാപ്പിരിക്കാട്, കാപ്പിരിക്കാട്-കൊടുങ്ങല്ലൂർ എന്നീ സെക്‌ഷനുകളിലായാണ് പാലങ്ങൾക്ക് അംഗീകാരം നൽകിയത്. സ്ഥലം പരിശോധിച്ച് അംഗീകാരം നൽകണമെന്ന് എൻ.എച്ച്.എ.ഐ കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് മലപ്പുറം, തൃശ്ശൂർ ജില്ല കലക്ടർമാരോട് ആവശ്യപ്പെട്ടു.

നടപ്പാലം നിർമിക്കാൻ മിക്കയിടത്തും സ്വകാര്യഭൂമിയടക്കം അധികമായി ഏറ്റെടുക്കേണ്ടിവരും. ഭൂവുടമകളുടെ എതിർപ്പും ആശങ്കയും പരിഹരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ പിന്തുണതേടിയത്. നിർദേശിച്ച സ്ഥലങ്ങൾ അനുയോജ്യമാണോ, പ്രവേശന സൗകര്യങ്ങളുണ്ടോ, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനാകുമോ എന്നിവ സൂക്ഷ്മമായി വിലയിരുത്താൻ ജനപ്രതിനിധികൾ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി, റീജണൽ ട്രാൻസ്‌പോർട്ട് ഓഫിസ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവരോടും ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കുമ്പോഴുള്ള എതിർപ്പ്, കാലതാമസം, പ്രദേശിക വികാരം എന്നിവ മുൻകൂട്ടി മനസ്സിലാക്കാനാണ് എൻ.എച്ച്.എ.ഐയുടെ ഈ തിരുമാനം. അനുയോജ്യമായ സ്ഥലങ്ങൾക്ക് നേരത്തേ അംഗീകാരം ലഭിക്കുന്നത്, സുരക്ഷാസംവിധാനങ്ങൾ കാലതാമസമില്ലാതെ സുഗമമായി നടപ്പാക്കാനും സഹായിക്കും.

നടപ്പാലത്തിന് 30 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ വീതിയിലും സ്ഥലം വേണമെന്നാണ് ചട്ടം. പുതുപൊന്നാനിയിൽ കെ.പി. നൗഷാദ് അലി എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് 16 മീറ്ററിൽ 'ഡോഗ് ലഗ്ഗ്ഡ് സ്‌റ്റെയർ' മാതൃകയിൽ പാലം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോണിയുടെ നീളംകുറച്ച് രണ്ടുതട്ടിലായാണ് ഇവിടെ പാലം നിർമിക്കുക. മലപ്പുറം ജില്ലയിൽ യൂണിവേഴ്‌സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, തങ്ങൾപടി, കോഴിച്ചെന, കഞ്ഞിപ്പുര, പാണ്ടികശാല, ചേട്ടൻ മൂടാൽ, ഈശ്വരമംഗലം, തെയ്യങ്ങാട്, ഉറൂബ് നഗർ, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് പുതുതായി നടപ്പാലത്തിന് അംഗീകാരം നൽകിയത്. തൃശൂരിൽ മന്ദലാംകുന്ന്, എടക്കഴിയൂർ, മണത്തല, ഏങ്ങണ്ടിയൂർ/പൊക്കുളങ്ങര, നാട്ടിക സെന്റർ, വലപ്പാട്, കൈപ്പമംഗലം, പള്ളിനട എന്നിവിടങ്ങളിലാണ് നടപ്പാലത്തിന് അനുമതി നൽകിയത്.