മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം ; 2 പേർക്ക് കടിയേറ്റു
വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുവയസുകാറായ കുട്ടിക്കും 49-കാരനുമാണ് തെരുവുനായയുടെ ക്രൂരമായ കടിയേറ്റത്.
മലപ്പുറം : വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുവയസുകാറായ കുട്ടിക്കും 49-കാരനുമാണ് തെരുവുനായയുടെ ക്രൂരമായ കടിയേറ്റത്. സ്കൂളിലേക്ക് പോകാൻ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കൊച്ചു കുട്ടിയെയും, തുടർന്ന് വീട്ടുമുറ്റത്ത് വാഹനം കഴുകിക്കൊണ്ടിരുന്ന വ്യക്തിയെയുമാണ് ഒരേ നായ ആക്രമിച്ചത്. ഈ സംഭവങ്ങൾ പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇല്ലിക്കോട് പന്തായിൽ ഷാനിലിന്റെ മകളും എൽ.കെ.ജി വിദ്യാർത്ഥിനിയുമായ ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. ബുധനാഴ്ച (സെപ്റ്റംബർ 23) രാവിലെ സ്കൂളിലേക്ക് പോകാൻ ഇറങ്ങിയ വേളയിലാണ് കുട്ടിയുടെ ഇടതുകൈയിലെ വിരലിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഉച്ചയോടെ ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്മണ്യനെയും ഇതേ നായ ആക്രമിക്കുകയായിരുന്നു. വാഹനം കഴുകുന്നതിനിടയിൽ കടിയേറ്റ അദ്ദേഹത്തിന് നാല് ആഴത്തിലുള്ള മുറിവുകളാണേറ്റത്. രണ്ട് പേരും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സ തേടിയിട്ടുണ്ട്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ വീടുകൾക്ക് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. റോഡരികുകളിലും വീടുകളുടെ പരിസരങ്ങളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് സ്ഥിരമായി മാറിയിട്ടുണ്ട്. ആക്രമണം നടത്തിയ നായയെ ഉടൻ കണ്ടെത്തി പിടികൂടണമെന്നും, പ്രദേശത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.