മലപ്പുറത്ത് ബസ്സിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
കേരളത്തിലെ നിരത്തുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിൽ അവസാനിക്കുന്നില്ല. മലപ്പുറം എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ മേൽപ്പാലം തുടങ്ങുന്നിടത്തുണ്ടായ അപകടത്തിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളാണ് ദാരുണമായി മരണപ്പെട്ടത്.
മലപ്പുറം : കേരളത്തിലെ നിരത്തുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിൽ അവസാനിക്കുന്നില്ല. മലപ്പുറം എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ മേൽപ്പാലം തുടങ്ങുന്നിടത്തുണ്ടായ അപകടത്തിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളാണ് ദാരുണമായി മരണപ്പെട്ടത്.
പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം സ്വദേശി മാരിയപ്പൻ (53), ഒപ്പമുണ്ടായിരുന്ന മുരുകേശൻ (60) എന്നിവരാണ് മരിച്ചത്. അമിതവേഗതയിൽ എത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആദ്യം ഓട്ടോറിക്ഷയിലിടിച്ച ശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മാരിയപ്പന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയ ബസ്, റോഡരികിലെ ബൈക്കിലും ഇടിച്ച് 50 മീറ്ററോളം ദൂരം മുന്നോട്ട് പോയാണ് നിന്നത്. ആശുപത്രികളിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജിൽ, ബൈക്ക് യാത്രികൻ ദിനേശൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
തൃശ്ശൂർ-കുറ്റിപ്പുറം റോഡുകളിൽ മേൽപ്പാലമാരംഭിക്കുന്നിടം അപകടങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. മേൽപ്പാലത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും ടൗണിലേക്ക് പോകുന്നതും ഹൈവേയിലേക്ക് കയറുന്നതുമായ നാല് വാഹനങ്ങൾ ഒരുമിച്ചെത്തുന്ന ഇവിടെ അപകടസാധ്യത വളരെ കൂടുതലാണ്.
നേരത്തെ കുറ്റിപ്പുറം റോഡിലുണ്ടായ മറ്റൊരു അപകടത്തിലും രണ്ടുപേർ മരണപ്പെട്ടിരുന്നു. ദിവസങ്ങൾക്കകം കുറ്റിപ്പുറം, കുന്നംകുളം, എടപ്പാൾ എന്നിവിടങ്ങളിലായി സ്വകാര്യ ബസുകളുടെ പാച്ചിലിൽ പൊലിഞ്ഞത് ആറ് ജീവനുകളാണ്. എന്നാൽ ബസുകളിലെ വേഗപ്പൂട്ട് പരിശോധനയും അമിതവേഗതയ്ക്കെതിരെയുള്ള നടപടികളും ഇപ്പോൾ പൂർണ്ണമായി നിലച്ച മട്ടാണ്. വേഗപ്പൂട്ടുകളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൃത്രിമം കാട്ടി 100-120 കിലോമീറ്റർ വേഗതയിൽ ബസുകൾ ഓടിച്ചാലും അത് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന് സംവിധാനമില്ലാത്തത് വലിയ വീഴ്ചയാണ്. സ്പീഡ് ഡിറ്റക്ടർ പരിശോധനകളും കാലഹരണപ്പെട്ട സർട്ടിഫിക്കറ്റുകളും കാരണം ഉദ്യോഗസ്ഥരും നിസ്സഹായരാണ്.
ഇതിനുപുറമെ റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. എടപ്പാൾ തൃശ്ശൂർ റോഡിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ പൊട്ടി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതും മാസങ്ങളായി കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നതും വലിയ കുരുക്കിനാണ് കാരണമാകുന്നത്. ഈ സമയനഷ്ടം ഒഴിവാക്കാനാണ് സ്വകാര്യ ബസുകൾ അമിതവേഗത്തിൽ പായുന്നത്. എടപ്പാളിൽ റോഡിൽ തന്നെയാണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത് എന്നതും അപകടസാധ്യത ഇരട്ടയാക്കുന്നു.