മലബാർ തീരവും മലേഷ്യയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ; മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

മലബാർ തീരവും മലേഷ്യയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കേരളത്തിനും പ്രത്യേകിച്ച് മലബാർ തീരത്തിനും മലേഷ്യയുമായി ചരിത്രപരമായ ബന്ധവും ഇടപാടുകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

 കോഴിക്കോട് : മലബാർ തീരവും മലേഷ്യയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കേരളത്തിനും പ്രത്യേകിച്ച് മലബാർ തീരത്തിനും മലേഷ്യയുമായി ചരിത്രപരമായ ബന്ധവും ഇടപാടുകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാരന്തൂർ മർക്കസിൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരിൽനിന്ന് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി വി.ഡി. സതീശനുമായും മന്ത്രിമാരുമായും തിങ്കളാഴ്ച ചർച്ച നടത്തുമെന്നും അൻവർ ഇബ്രാഹിം അറിയിച്ചു.

കേരളത്തിന്റെ വിജയത്തിന് പിന്നിൽ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് നിൽക്കുന്നതാണെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. മതത്തിനും വർണത്തിനും അതീതമായി ഒരുമിച്ച് നിൽക്കുന്ന ജനതയാണ് മലേഷ്യയിലുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെത്താനും ഈ അവസരം ഒരുക്കിത്തന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരെ കാണാൻ പോകുന്ന കാര്യം മോദിയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദരവും അറിയിക്കണമെന്ന് മോദി പറഞ്ഞതായും അൻവർ ഇബ്രാഹിം വ്യക്തമാക്കി.

ഒരുപാട് അനുഭവസമ്പത്തുള്ള വലിയ പണ്ഡിതനാണ് കാന്തപുരമെന്നും അദ്ദേഹത്തിന്റെ സമർപ്പണം നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. ഇന്നത്തെ കാലത്തെ വെല്ലുവിളികളും മനസ്സിലാക്കുന്ന പണ്ഡിതനാണ് കാന്തപുരമെന്നും അദ്ദേഹം വിലയിരുത്തി. മതനേതൃത്വം പുതിയകാലത്തിന്റെ യാഥാർഥ്യങ്ങളെയും വെല്ലുവിളികളെയും സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ ലോകത്തിലേക്കുള്ള മാറ്റം, കൃത്രിമബുദ്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മതപണ്ഡിതർ മനസ്സിലാക്കേണ്ടതുണ്ടെന്നും അൻവർ ഇബ്രാഹിം വ്യക്തമാക്കി. അതേസമയം, ഈ മാറ്റങ്ങൾക്കൊപ്പം ധാർമികമൂല്യങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.