മകരവിളക്ക് നാളെ; തീര്‍ഥാടകരെ വരവേല്‍ക്കാൻ സന്നിധാനവും പരിസരവും സജ്ജം
ശബരിമലയില്‍ മകര വിളക്കും മകരസംക്രമ പൂജയും നാളെ നടക്കും. തീർഥാടകരെ വരവേല്‍ക്കാൻ സന്നിധാനത്തും പരിസരത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രസാദശുദ്ധിക്രിയകള്‍ തിങ്കളാഴ്‌ച നടന്നു. ചൊവ്വാഴ്‌ച ബിംബശുദ്ധിക്രിയകള്‍ നടക്കും.
രാവിലെ 10 മുതല്‍ നിലയ്ക്കലില്‍നിന്നു പമ്പയിലേക്കും രാവിലെ 11 മുതല്‍ പമ്പയില്‍നിന്നു സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല.
ബുധനാഴ്ച പകല്‍ 3:08ന് സൂര്യൻ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. പകല്‍ 2:45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്ബൂതിരി എന്നിവർ മുഖ്യകാർമികനാകും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയത്താണ് പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കുക.
തിരുവാഭരണവാഹകസംഘം വൈകിട്ട് 6:15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്ബോള്‍ ദേവസ്വം മന്ത്രി വിഎൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ദീപാരാധന നടക്കും.
മകരവിളക്ക് ദിവസം സന്നിധാനത്ത് രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. നിലവില്‍ 11 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ 34 സിഐമാരും 1489 സിവില്‍ പൊലീസ് ഓഫിസർമാരും ഉള്‍പ്പെടെ 1534 സേനാംഗങ്ങള്‍ സന്നിധാനത്ത് സേവനത്തിനുണ്ട്. ഇതിനുപുറമേ അഞ്ഞൂറോളം ഉദ്യോഗസ്ഥർ കൂടി തിങ്കളാഴ്ച സന്നിധാനത്ത് എത്തും. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെർച്വല്‍ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ നിലയ്ക്കലില്‍നിന്നു പമ്പയിലേക്കും രാവിലെ 11 മുതല്‍ പമ്പയില്‍നിന്നു സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല.
തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലും 6.20ഓടെ സന്നിധാനത്തും എത്തും. തുടർന്ന് ദീപാരാധന നടക്കും. ഘോഷയാത്രയ്ക്ക് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ തിരക്ക് കൂട്ടാനോ ശ്രമിക്കരുത്.
പാണ്ടിത്താവളം, ശരംകുത്തി, യുടേണ്‍ തുടങ്ങിയ ഇടങ്ങളിലെ വ്യൂപോയിൻ്റുകളില്‍ സുരക്ഷിതമായി നിന്ന് മകരജ്യോതി ദർശിക്കണം. വനമേഖലയോട് ചേർന്നുള്ള പല വ്യൂപോയിൻ്റുകളിലും ഭക്തർ വിരിവയ്ക്കാറുണ്ട്. ഈ പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും പാചകം ചെയ്യരുത്. ഹില്‍ടോപ്പില്‍ അപകടസാധ്യത ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുരുസ്വാമിമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും നിർദേശങ്ങള്‍ നല്‍കുന്നുണ്ട്. സോപാനത്തിലും തിരുമുറ്റത്തും പരിസരത്തും ഘോഷയാത്ര എത്തുമ്പോള്‍ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്തരെ വ്യൂപോയിൻ്റുകളിലേക്ക് മാറ്റിയശേഷമാകും തിരുവാഭരണം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.