യു.ഡി.എഫ് വാഗ്‌ദാനം ചെയ്ത  സൗജന്യ യാത്ര  നടപ്പാക്കിയില്ല ; സമരവുമായി മഹിളാമോർച്ച

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്‌ദാനം ചെയ്ത യു.ഡി.എഫ് പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മഹിളാമോർച്ച. മേയ് 15 മുതൽ സൗജന്യ യാത്ര എന്ന കെ.സി വേണുഗോപാലിന്റെ വാഗ്‌ദാനം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താണ് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് തുടങ്ങി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധിച്ചത്.

 

 കോഴിക്കോട് : കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്‌ദാനം ചെയ്ത യു.ഡി.എഫ് പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മഹിളാമോർച്ച. മേയ് 15 മുതൽ സൗജന്യ യാത്ര എന്ന കെ.സി വേണുഗോപാലിന്റെ വാഗ്‌ദാനം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താണ് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് തുടങ്ങി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധിച്ചത്.

അതേസമയം, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ഭരണത്തിലെത്തും മുമ്പേ പ്രതിഷേധം നടന്നത് വിമർശനത്തിനിടയാക്കി. മഹിളാമോർച്ചയുടെ പ്രതിഷേധത്തിനെതിരെ കോൺഗ്രസ് നേതാവും നിയുക്ത തൃക്കരിപ്പൂർ എം.എൽ.എയുമായ സന്ദീപ് വാര്യർ രംഗത്തെത്തി. ബി.ജെ.പി കേരളം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ ഷെയർ ചെയ്താണ് സന്ദീപ് രംഗത്തെത്തിയത്.

'സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി. പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?' -സന്ദീപ് വാര്യർ ചോദിച്ചു.

യു.ഡി.എഫ് മുന്നണിയുടെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ ബസ് യാത്ര എന്നത്. അത് മേയ് 15 മുതൽ നടപ്പിലാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹിളാമോർച്ച രംഗത്തെത്തിയത്. വാഗ്‌ദാനം അട്ടിമറിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഐക്യ മുന്നണി ശ്രമിക്കുന്നതെന്ന് മഹിളാമോർച്ച ആരോപിച്ചു. അതേസമയം ഇന്ധന വില വർധനയുടെ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ അതവിടെ നിൽക്കട്ടെ എന്നാണ് സംഘടന നേതാക്കൾ പറഞ്ഞത്.