മദ്യത്തിന് പേരിടല്‍ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

 

പുതിയ ബ്രാന്‍ഡ് മദ്യം പുറത്തിറക്കുന്നത് ഉപേക്ഷിക്കണം എന്നാണ് ആവശ്യം

 

ബിവറേജസ് കോര്‍പറേഷന്റെ മത്സരം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

ബിവറേജസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം ഭരണഘടനവിരുദ്ധവും അബ്കാരി ആക്ടിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിവറേജസ് കോര്‍പറേഷന്റെ മത്സരം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

ഭരണഘടന അനുച്ഛേദം 47 പ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം ഭരണകൂടത്തിന് നിരോധിക്കാമെന്നുള്ളതിനാല്‍ പുതിയ ബ്രാന്‍ഡ് മദ്യം പുറത്തിറക്കുന്നത് ഉപേക്ഷിക്കണം എന്നാണ് ആവശ്യം. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള എല്ലാത്തരം പരസ്യങ്ങളും അബ്കാരി ആക്ടിലെ വകുപ്പ് 55-എച്ച് പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പറഞ്ഞു. മത്സരം സംബന്ധിച്ച് സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകളില്‍ പരാമര്‍ശം നടത്താത്തത് നിയമവിരുദ്ധ നടപടി ആയതിനാലാണെന്നും ഫൗണ്ടേഷന്‍ ആരോപിച്ചു.