ഫണ്ട് തട്ടിപ്പ് ആരോപണം വ്യാജം, അപകീർത്തിപ്പെടുത്തി; വി കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി ടി ഐ മധുസൂദനൻ
തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് ആരോപിച്ച് വി.കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ നിയമ നടപടിയുമായി ടി ഐ മധുസൂദനൻ രംഗത്തെത്തി
പയ്യന്നൂർ: തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് ആരോപിച്ച് വി.കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ നിയമ നടപടിയുമായി ടി ഐ മധുസൂദനൻ രംഗത്തെത്തി. വ്യക്തിപരമായും പാർട്ടിയെയും അപകീർത്തിപ്പെടുത്തിയെന്ന് ടി ഐ മധുസൂദനൻ ആരോപിച്ചു. സോഷ്യൽ മീഡിയയിലുടെവ്യാജ ആരോപണം നടത്തിയെന്ന് ആരോപിച്ച് വി കുഞ്ഞികൃഷ്ണന് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു.
രക്തസാക്ഷിഫണ്ട് തട്ടിപ്പ് ആരോപണം വ്യാജമാണെന്നും ടി ഐ മധുസൂദനൻ പറഞ്ഞു. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്‌തകം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ടി.ഐ. മധുസൂദനൻ പറഞ്ഞു.
പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയാണ് വി കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. താൻ കള്ളനാണെന്ന് വി കുഞ്ഞികൃഷ്ണൻ പ്രചരിപ്പിച്ചുവെന്നും ഹർജിയിലുണ്ട്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123 പ്രകാരം തെരഞ്ഞെടുപ്പ് അഴിമതി നടന്നതിനാൽ ഫലം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.