എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവം : രൂക്ഷവിമർശനവുമായി എം. സ്വരാജ്
പാർലമെന്റിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. വർഗീയവാദികളെ പോലെ തന്നെ ആട്ടിൻതോലിട്ട ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു.
കൊച്ചി: പാർലമെന്റിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. വർഗീയവാദികളെ പോലെ തന്നെ ആട്ടിൻതോലിട്ട ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എം. സ്വരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്. വന്ദേമാതരം ഇന്ന് കേവലം ഗീതം മാത്രമല്ല, സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമാണ്. ഇഷ്ടമല്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണ് അത്. കോൺഗ്രസ് എംപിയായിരുന്ന ഇഹ്സാൻ ജാഫ്രിയോട്, നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗീയവാദികൾ ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്.
വൃദ്ധനായ ഇഹ്സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗീയവാദികളുടെ തിട്ടൂരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് ദേശീയ നേതൃത്വം ഒന്നടങ്കം വിനീതവിധേയരായ ഭൃത്യരായി നിന്ന് വന്ദേമാതരം പൂർണതോതിൽ ആലപിച്ചുവെന്നും സ്വരാജ് കുറ്റപ്പെടുത്തി.
എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നാടകീയമായ രംഗങ്ങളാണ് ശനിയാഴ്ച രാവിലെ അരങ്ങേറിയത്. സാധാരണയായി വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കാറ്. എന്നാൽ ഇത്തവണ ഗാനം പൂർണമായി പാടുകയായിരുന്നു.
രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനാലാപനം തുടർന്നതോടെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടയ്ക്ക് ഇടപെട്ടെങ്കിലും ഗാനം പൂർണമായി ആലപിക്കപ്പെടുകയായിരുന്നു. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിലുണ്ടായിരുന്നു.
എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വന്ദേമാതരം ആയുധമാവുമ്പോൾ...
വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിന്റെ രാഷ്ട്രീയ ആയുധമാണ്. ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം. നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗീയവാദികൾ ഇഹ്സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്.
വൃദ്ധനായ ഇഹ്സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗീയവാദികളുടെ തിട്ടൂരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് ദേശീയ നേതൃത്വം ഒന്നടങ്കം വിനീതവിധേയരായ ഭൃത്യരായി നിന്ന് വന്ദേമാതരം പൂർണതോതിൽ ആലപിച്ചു.
കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണതോതിൽ ആലപിച്ചത് മറക്കാറായിട്ടില്ല. അന്ന് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ചു, ആശീർവദിച്ചു!
മതനിരപേക്ഷ ഇന്ത്യയെ കൊല്ലാൻ പാഞ്ഞടുക്കുന്ന വർഗീയവാദികളെപ്പോലെ ആട്ടിൻതോലണിഞ്ഞ ഒറ്റുകാരെയും തിരിച്ചറിയേണ്ടതുണ്ട്. വലതുപക്ഷ - വർഗീയ സഖ്യത്തെ തുറന്നുകാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ മതനിരപേക്ഷ ഇന്ത്യക്കു നിലനിൽക്കാനാവൂ.