കടൽകടന്ന് അമേരിക്കയിലേക്ക് കവിയൂരിൽ നിന്നും ഒരു ആഡംബര നൗക
അമേരിക്കയിലേക്ക് യാത്രക്കൊരുങ്ങി കവിയൂരിൽ നിന്നും ഒരു ആഡംബര നൗക. തിരുവല്ലയിലെ കവിയൂരിൽ നിന്നുള്ള ശില്പി ശശികുമാർ നിർമ്മിച്ച ആറടി നീളവും രണ്ടര അടി പൊക്കവുമുള്ള മൂന്ന് നിലകളോടു കൂടിയ നൗകയാണ് അമേരിക്കയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നത്.
അമേരിക്കയിലേക്ക് യാത്രക്കൊരുങ്ങി കവിയൂരിൽ നിന്നും ഒരു ആഡംബര നൗക. തിരുവല്ലയിലെ കവിയൂരിൽ നിന്നുള്ള ശില്പി ശശികുമാർ നിർമ്മിച്ച ആറടി നീളവും രണ്ടര അടി പൊക്കവുമുള്ള മൂന്ന് നിലകളോടു കൂടിയ നൗകയാണ് അമേരിക്കയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നത്.
തടിയിലും ഫൈബറിലും വിസ്മയം തീർക്കുന്ന ശില്പി ശശികുമാർ കവിയൂർ എന്ന 59കാരൻ്റെ ഏറ്റവും പുതിയ കലാ വിരുതാണ് കടൽ കടന്ന് അമേരിക്കയിലേക്ക് യാത്രയാവാൻ ഒരുങ്ങുന്നത്. ഐടിഐ ഇലക്ട്രിക്കൽ പഠന ശേഷം ജോലി തേടി പൂനയിലേക്ക് പോയ ശശികുമാർ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കരകൗശല നിർമ്മാണ ശാലയിൽ ഏറെക്കാലം ജോലി ചെയ്തു. തുടർന്ന് ഏഴ് വർഷം മുമ്പ് കവിയൂരിൽ തിരികെ എത്തി താമസമാക്കി.
വള്ളങ്ങളുടെയും, പള്ളിയോടങ്ങളുടെയും, ഹൗസ് ബോട്ടുകളുടെ മാതൃകകൾ നിർമിച്ചായിരുന്നു തുടക്കം. പിന്നീടാണ് നൗക എന്ന ആശയം മനസ്സിൽ ഉദിച്ചത്. തുടർന്ന് ഉരു നിർമ്മാണത്തിന് പേരുകേട്ട ബേപ്പൂരിൽ ഒരാഴ്ചക്കാലത്തോളം താമസിച്ച് നിർമ്മാണ വശങ്ങൾ നേരിൽ കണ്ടും കേട്ടും പഠിച്ച ശേഷമാണ് നാട്ടിലെത്തി നൗകയുടെ നിർമ്മാണം ആരംഭിച്ചത്.
നിർമ്മാണം പുരോഗമിക്കവേ മൂന്നുമാസം മുമ്പ് അമേരിക്കയിൽ സ്ഥിര താമസമുള്ള അയൽവാസി നാട്ടിലെത്തി. ശശികുമാറിന്റെ കലാവിരുതിനെ കുറിച്ച് കേട്ടറിഞ്ഞെത്തിയ അദ്ദേഹത്തിന് നൗക ഇഷ്ടപ്പെട്ടു. തുടർന്ന് അമേരിക്കയിലെ വീട്ടിൽ പ്രദർശന വസ്തുവായി വയ്ക്കുന്നതിന് നൗക നൽകുമോ എന്ന് ചോദിച്ചു. സമ്മതം അറിയിച്ച ശശികുമാർ പണികൾ വേഗത്തിലാക്കി.
ആറടി നീളവും രണ്ടര അടി പൊക്കവും രണ്ടര അടി വീതിയും ഉള്ള മൂന്ന് നിലകളോടു കൂടിയ നൗകയുടെ നിർമ്മാണം തേക്ക് തടിയും ഫൈബറും ഉപയോഗിച്ച് ആറുമാസക്കാലം കൊണ്ടാണ് പൂർത്തിയാക്കിയത്. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചു. യഥാർത്ഥ നൗകയെ വെല്ലും തരത്തിൽ സ്രാങ്ക് റൂമും, യാത്രക്കാർക്കുള്ള വിശാലമായ ഹാളും, ഇരിപ്പിടങ്ങളും, പടിക്കെട്ടുകളും, മേൽത്തട്ടും, ലൈറ്റിംഗ് സംവിധാനങ്ങളും എല്ലാം തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്. അക്രലിക് ഷീറ്റാണ് ജനാലകളുടെ ചില്ലകൾക്കായി ഉപയോഗിച്ചത്.
അടിത്തട്ട് ഫൈബർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ഇത് വെള്ളത്തിൽ ഇറക്കാനും സാധിക്കുമെന്ന് ശശികുമാർ പറയുന്നു. ചെറിയ ചില മിനുക്ക് പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതുകൂടി പൂർത്തിയാക്കി ജൂലൈ അവസാന വാരത്തോടെ കപ്പൽ മാർഗ്ഗം കടൽ കടന്ന് നൗക അമേരിക്കയിലെ മയായിയിൽ എത്തും.
നൗക സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ഫൈബർ ഗ്ലാസ് ഉപയോഗിച്ച് പ്രത്യേക പെട്ടിയും തയ്യാറാക്കിയിട്ടുണ്ട്. പായ്ക്കപ്പലിൻ്റെ മാതൃകയും, മടക്കി ഉപയോഗിക്കുവാൻ സാധിക്കുന്ന ബൈബിൾ സ്റ്റാൻഡും അടുത്തിടെ നിർമ്മിച്ചു. ഒരു കൗതുകമെന്നോണം നിർമ്മിച്ച വസ്തുക്കളിൽ ഏറെയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനമായി നൽകുകയായിരുന്നുവെന്ന് ശശികുമാർ പറയുന്നു.