ലഗേജ് ഇനി ഡിജിറ്റൽ സുരക്ഷയിൽ; കെഎസ്ആർടിസിയിൽ ചരിത്രനേട്ടം

യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്ന ഈ സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ 07.01.2026 ന് വൈകിട്ട്  ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിച്ചു.
 

തിരുവനന്തപുരം: യാത്രക്കാർക്ക് പുതിയ സൗകര്യവുമായി ഒൻപത് കെഎസ്ആർടിസി സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്ക് റൂം പ്രവർത്തനം തുടങ്ങി
യാത്രക്കാരുടെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം ഇന്ത്യൻ ആർടിസികളുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ വിവിധസ്ഥലങ്ങളിലുള്ള ഒൻപത് കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ പ്രവർത്തനമാരംഭിച്ചു. 

യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്ന ഈ സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ 07.01.2026 ന് വൈകിട്ട്  ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിച്ചു. ഇതോടൊപ്പം തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ജീവനക്കാർക്കായി തയ്യാറാക്കിയ ശീതീകരിച്ച വിശ്രമ കേന്ദ്രവും ഗതാഗത വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു.

കെഎസ്ആർടിസിയുടെ നവീനമായ ഡിജിറ്റൽ ക്ലോക്ക് റും സംവിധാനം നടപ്പിലാക്കുന്നതിലൂടെ കൈവശമുള്ള ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂം, മാനുവൽ രേഖപ്പെടുത്തലുകൾ ഒഴിവാക്കി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗതയും കൃത്യതയും ഉറപ്പാക്കുന്നു.

ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനത്തിൽ യൂണിക് ഡിജിറ്റൽ ടോക്കൺ / ക്യൂആർ കോഡ് മുഖേന ലഗേജ് സ്വീകരിക്കുകയും തിരിച്ചുനൽകുകയും ചെയ്യുന്നു. ഇതുവഴി ലഗേജുകളുടെ ട്രാക്കിംഗ് എളുപ്പമാകുന്നതോടൊപ്പം, നഷ്ടപ്പെടൽ, മാറിപ്പോകൽ തുടങ്ങിയ സാധ്യതകൾ പൂർണമായും ഒഴിവാക്കാനാകും. കൂടാതെ, സി.സി.ടി.വി നിരീക്ഷണം, നിശ്ചിത സമയപരിധിയിലുള്ള സുരക്ഷിത സംഭരണം, കൃത്യമായ ഡാറ്റാ റെക്കോർഡിംഗ് എന്നിവയും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ്.

തിരുവനന്തപുരം സെൻട്രൽ, ഏറണാകുളം, ആലുവ, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, മൂന്നാർ, അങ്കമാലി, കോട്ടയം എന്നീ ഡിപ്പോകളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. വൈകാതെ തന്നെ കേരളത്തിലെ മറ്റു കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽക്കൂടി ഈ സൗകര്യം ലഭ്യമാക്കുന്നതാണെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

സാങ്കേതിക നവീകരണങ്ങൾ വഴിയും സേവന നിലവാരം ഉയർത്തിയും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്ന തരത്തിലേക്കാണ് കെഎസ്ആർടിസി മുന്നേറുന്നത്.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയുള്ള ഈ ചരിത്രനേട്ടം, കെഎസ്ആർടിസിയെ ഇന്ത്യൻ ആർടിസികളിൽത്തന്നെ മാതൃകാ സ്ഥാപനമായി ഉയർത്തുന്ന മറ്റൊരു ചുവടുവെയ്പ്പാണ്.