എൽപിഎസ്ടി സമരം: നിയമസഭയിൽ മുഖ്യമന്ത്രി പറയുന്നത് അസത്യമെന്ന് വളർമതി; രൂക്ഷവിമർശനം
ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് (എൽപിഎസ്ടി) റാങ്ക് ഹോൾഡേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് വ്യാജ അവകാശവാദങ്ങളാണെന്ന് സമരസമിതി സെക്രട്ടറി എസ്. വളർമതി. എട്ടുതവണ വിദ്യാഭ്യാസ മന്ത്രി തങ്ങളെ കണ്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ആരെയാണ് മന്ത്രി കണ്ടതെന്നും എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തുവിടണമെന്നും വളർമതി വെല്ലുവിളിച്ചു.
തിരുവനന്തപുരം: ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് (എൽപിഎസ്ടി) റാങ്ക് ഹോൾഡേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് വ്യാജ അവകാശവാദങ്ങളാണെന്ന് സമരസമിതി സെക്രട്ടറി എസ്. വളർമതി. എട്ടുതവണ വിദ്യാഭ്യാസ മന്ത്രി തങ്ങളെ കണ്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ആരെയാണ് മന്ത്രി കണ്ടതെന്നും എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തുവിടണമെന്നും വളർമതി വെല്ലുവിളിച്ചു.
സമരക്കാരുടെ അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചെന്നും എട്ടുതവണ ചർച്ച നടത്തിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം പെട്ടെന്ന് 1:25 ആക്കി കുറയ്ക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെതിരെയാണ് സമരസമിതി രംഗത്തെത്തിയത്.പ്രതിപക്ഷത്തിരുന്നപ്പോൾ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടവർ ഇപ്പോൾ അധികാത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയാണെന്ന് വളർമതി ആരോപിച്ചു. അനുപാതം 1:25 ആയി കുറച്ചില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ നിന്ന് ഇനി ഒരാൾക്ക് പോലും നിയമനം ലഭിക്കില്ല. ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരും.
കഴിഞ്ഞ അഞ്ച് കൊല്ലമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനും വളർമതി മറുപടി നൽകി. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് നേരത്തെ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ പലതവണ കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.